cancer

വീടിനുള്ളില്‍ കൊതുകിന്റെ ശല്യം രൂക്ഷമാകുമ്പോള്‍ അവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ കൊതുകുതിരിയെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗവും. അതുപോലെ തന്നെ ദൈവാരാധന സംബന്ധിച്ച കാര്യങ്ങള്‍ക്ക് ജാതി മത വ്യത്യാസമില്ലാതെ ചന്ദനത്തിരിയും ഉപയോഗിക്കാറുണ്ട്. എന്തിന് നമ്മുടെ നാട്ടിലെ അമ്പലങ്ങളിലും പള്ളികളിലും വരെ ചന്ദനത്തിരികള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ വസ്തുക്കളില്‍ നിന്നുള്ള പുക സിഗരറ്റിനേക്കാള്‍ മാരകമാണെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഒരു ചന്ദനത്തിരി കത്തി തീരുമ്പോള്‍ ഉണ്ടാകുന്ന സൂക്ഷമകണികകള്‍ ഒരു സിഗരറ്റില്‍ നിന്ന് ഉണ്ടാകുന്നതിന് തുല്യമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സൗത്ത് ചൈന യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍ അഗര്‍വുഡ്, ചന്ദനം എന്നീ തിരികളില്‍ നടത്തിയ പഠനത്തിലാണ്, ചന്ദനത്തിരികള്‍ ദിവസേന ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം വരുത്തുമെന്ന് കണ്ടെത്തിയത്.

ദിവസേന ഈ വസ്തുക്കളുടെ പുക ശ്വസിക്കുന്നത് ശ്വാസകോശ ക്യാന്‍സറിലേക്ക് നയിക്കുന്നതിന് കാരണമാകുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതുപോലെ തന്നെ ശ്വാസകോശ രോഗങ്ങളായ ആസ്ത്മ, ബ്രോങ്കൈറ്റിസ്, പള്‍മനറി രോഗങ്ങള്‍ എന്നിവയിക്ക് കാരണമാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ മറ്റൊരു ലേഖനത്തിലും ചന്ദനത്തിരികളുടെ ഉപയോഗം ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതിനേക്കുറിച്ച് പറയുന്നുണ്ട്. ശ്വാസകോശ രോഗ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ചന്ദനത്തിരികളുടെ പുക ശ്വസിക്കുന്നത് പരോക്ഷമായ പുകവലിയ്ക്ക് തുല്യമാണ്.

നിയമപരമായ മുന്നറിയിപ്പ്: വാര്‍ത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രം ഒരുതരത്തിലും പുകവലിയെ പ്രോത്സാഹിപ്പിക്കുന്നില്ല. പുകവലി ആരോഗ്യത്തിന് ഹാനികരം.