crime

പത്തനംതിട്ട: ആക്രിക്കടയിലേക്കാണ് മോഷ്ടിച്ച സാധനവുമായി കുപ്രസിദ്ധ മോഷ്ടാവ് നേരെ എത്തിയത്. വൈദ്യുതി കമ്പികളുമായി എത്തിയ ഇയാളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തലവടി നടുവിലെ മുറി പാപ്പനംവേലില്‍ വീട്ടില്‍ ഓമനക്കുട്ടന്‍ (62 ) ആണ് പിടിയിലായത്. ഇയാള്‍ മോഷണത്തിന് പുറമേ മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. മോഷ്ടിച്ച വൈദ്യുതി കമ്പികള്‍ ഒരു ചാക്കില്‍ പൊതിഞ്ഞ നിലയിലാണ് ഇയാള്‍ വില്‍ക്കാനായി ആക്രിക്കടയിലേക്ക് കൊണ്ടുവന്നത്.


ഞായറാഴ്ച രാവിലെ ഏഴരയോടെ നെടുമ്പ്രം പുത്തന്‍കാവ് ദേവിക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. രണ്ട് കെട്ട് കമ്പികളുമായിട്ടാണ് പ്രതി ഓമനക്കുട്ടന്‍ എത്തിയത്. ചാക്കില്‍ പൊതിഞ്ഞനിലയില്‍ കമ്പികള്‍ കണ്ടതോടെ സംശയം തോന്നിയ നാട്ടുകാര്‍ വാര്‍ഡ് മെമ്പര്‍ ജിജോ ചെറിയാനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ജിജോ ചെറിയാനും നാട്ടുകാരും ചേര്‍ന്ന് മോഷ്ടാവിനെ തടഞ്ഞുവെച്ച ശേഷം പുളിക്കീഴ് പൊലീസിലും കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷനിലും വിവരം അറിയിക്കുകയായിരുന്നു.


പിന്നീട് പൊലീസിനായി നാട്ടുകാര്‍ കാത്തിരിക്കുന്നതിനിടെ പ്രതി ഏവരുടേയും കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസിന്റെ നേതൃത്വത്തില്‍ നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തെ ഒരു വീടിന്റെ പിന്നില്‍ നിന്ന് ഓമനക്കുട്ടനെ കണ്ടെത്തി. എന്നാല്‍ പൊലീസിനെ കണ്ടതോടെ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.