ind-vs-pak

ദുബായ്: പാകിസ്ഥാനോട് പൊരുതിനേടിയ വിജയത്തിന് ശേഷം ഏഷ്യാ കപ്പ് ട്രോഫി ഏറ്റുവാങ്ങാതെ ടീം ഇന്ത്യ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും കൂടിയായ മൊഹ്‌സീൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങില്ല എന്ന ഇന്ത്യയുടെ ഉറച്ച തീരുമാനം അറിഞ്ഞതോടെ സമ്മാനദാന ചടങ്ങിന് ശേഷം ട്രോഫി ഇന്ത്യയ്‌ക്ക് കൈമാറാതെ നഖ്‌വി കൊണ്ടുപോയി. പാകിസ്ഥാനിലെ ആഭ്യന്തര മന്ത്രി കൂടിയാണ് നഖ്‌വി. നേരത്തെ പാക് നായകന് ഹസ്‌തദാനം ചെയ്യാത്ത ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനെതിരെ പരാതി നൽകിയത് നഖ്‌വി തന്നെയായിരുന്നു.

ഏഷ്യാകപ്പ് സംഘാടകരോട് നഖ്‌വി ട്രോഫി വിതരണം ചെയ്യാൻ ശ്രമിച്ചാൽ തങ്ങൾ സഹകരിക്കില്ല എന്ന് ഇന്ത്യൻ താരങ്ങൾ അറിയിച്ചിരുന്നു. അതിനാൽ പ്രസന്റേഷൻ നടത്തുന്ന സ്റ്റേജിൽ നിന്നും ഇന്ത്യൻ താരങ്ങൾ മാറിയാണ് നിന്നതും. മത്സരത്തിന് മുൻപുതന്നെ നഖ്‌വിയാണ് ട്രോഫി വിതരണം ചെയ്യുന്നതെങ്കിൽ വാങ്ങില്ല എന്ന് ഇന്ത്യൻ നായകൻ സൂര്യ നിലപാടെടുത്തു. മത്സരശേഷം ഇതേ നിലപാടിൽ സൂര്യ ഉറച്ചുനിന്നതോടെ പ്രസന്റേഷൻ പരിപാടികൾ ഒരു മണിക്കൂർ വൈകി.

മാച്ച്ഒഫിഷ്യൽസും ഇന്ത്യൻ താരങ്ങളും തമ്മിൽ ദീർഘനേരം ചർച്ച നടന്നു. ഒടുവിൽ കിരീടദാനം ഇല്ലാതെയാണ് സമാപനച്ചടങ്ങ് നടന്നത്. ആദ്യം പാക് താരങ്ങൾ വ്യക്തിഗത മെഡലുകൾ ഏറ്റുവാങ്ങി. റണ്ണേഴ്സ് അപ്പിനുള്ള ചെക്ക് വലിച്ചെറിഞ്ഞ ശേഷമാണ് പാക് ക്യാപ്ടൻ സൽമാൻ ആഗ അവതാരകനായ സൈമൺ ഡള്ളുമായി അഭിമുഖത്തിന് എത്തിയത്.

ഇന്ത്യൻ താരങ്ങളിൽ നിന്ന് പ്‌ളേയർ ഒഫ് ദ മാച്ചായ തിലക് വർമ്മയും വാല്യുവബിൾ പ്‌ളേയറായ കുൽദീപ് യാദവും പ്‌ളേയർ ഒഫ് ദ ടൂർണമെന്റായ അഭിഷേക് ശർമ്മയും കാഷ് അവാർഡ് ഏറ്റുവാങ്ങി. ഇവരാരും വേദിയിലുണ്ടായിരുന്ന മൊഹ്സിൻ നഖ്‌വിക്ക് ഷേക് ഹാൻഡ് നൽകുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ല. ഇന്ത്യൻ ടീം മൊത്തമായി മെഡലും ക്യാപ്ടൻ സൂര്യകുമാർ ട്രോഫിയും ഏറ്റുവാങ്ങാൻ എത്തിയില്ല. സമ്മാനദാനച്ചടങ്ങ് അവസാനിച്ചതായി പ്രഖ്യാപിച്ചശേഷം ഇന്ത്യൻ താരങ്ങൾ വേദിയിലെത്തി ട്രോഫിയില്ലാതെ ആഹ്ളാദപ്രകടനവും നടത്തി.ഇതിനിടെ നഖ്‌വിയെയും പാക് താരങ്ങളെയും നോക്കി ഇന്ത്യൻ ആരാധകർ ഭാരത് മാതാ കീ ജയ്,​ ഇന്ത്യാ..ഇന്ത്യ എന്നിങ്ങനെ ആരവം മുഴക്കിയതും പരിപാടിയുടെ അന്ത്യംവരെ നാടകീയ രംഗങ്ങൾക്ക് കാരണമായി.