church

മിഷിഗൺ: അമേരിക്കയിൽ മിഷിഗണിലെ പള്ളിയിൽ പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ നടന്ന ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പള്ളിയുടെ മുൻവാതിലിലൂടെ ട്രക്ക് ഇടിച്ചുകയറ്റിയശേഷം അക്രമി വെടിയുതിർക്കുകയായിരുന്നു. കെട്ടിടത്തിന് തീയിടുകയും ചെയ്തു. സംഭവത്തിൽ എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡെട്രോയിറ്റിൽ നിന്ന് ഏകദേശം 50 മെെൽ വടക്ക് സ്ഥിതി ചെയ്യുന്ന ഗ്രാൻഡ് ബ്ലാങ്കിലെ ചർച്ച് ഒഫ് ജീസസ് ക്രെെസ്റ്റ് ഒഫ് ലാറ്റർ - ഡേ സെയിന്റ് പള്ളിയിലാണ് വെടിവയ്പ്പ് നടന്നത്.

ബർട്ടൺ സ്വദേശിയായ തോമസ് ജേക്കബ് സാൻഫോർഡ് (40) ആണ് പള്ളിയിൽ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വെറും 10 മിനിറ്റ് മാത്രം നീണ്ടുനിന്ന ഈ ആക്രമണത്തിന് പിന്നാലെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം സംഭവത്തെ അപലപിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.

'മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള പള്ളിയിൽ നടന്ന വെടിവയ്പ്പിനെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചു. എഫ്ബിഐ അടക്കം സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകും. പ്രതി മരിച്ചു. ഇത് അമേരിക്കൻ ഐക്യനാടുകളിലെ ക്രിസ്ത്യാനികൾക്കെതിരായ മറ്റൊരു ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്ന് തോന്നുന്നു. ഇരകൾക്കും അവരുടെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കും'- ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.