beauty

നല്ല ആരോഗ്യത്തോടെ നീളത്തിൽ വളരുന്ന മുടി ആഗ്രഹിക്കാത്തവർ കുറവാണ്. എന്നാൽ ഈ കാലഘട്ടത്തിൽ മുടി സംരക്ഷണം വളരെ പ്രയാസമേറിയ കാര്യമാണ്. വിപണിയിൽ ലഭ്യമായ ഷാംപൂ മുതൽ ഹെയർ മാസ്ക് വരെ പലരും ഉപയോഗിക്കാറുണ്ട്. ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് മുടിക്ക് ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. വളരെ എളുപ്പത്തിൽ കെമിക്കലുകളില്ലാതെ മുടി വളരാൻ സഹായിക്കുന്ന ഒരു ഹെയ‌ർപാക്ക് തയ്യാറാക്കാം. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

ചെമ്പരത്തിപ്പൂവ് - 10 എണ്ണം

ചെമ്പരത്തി ഇല- 15 എണ്ണം

കറിവേപ്പില - 10 തണ്ട്

ചായപ്പൊടി തിളപ്പിച്ച വെള്ളം - അര ഗ്ലാസ്

തലേദിവസത്തെ കഞ്ഞിവെള്ളം - അര ഗ്ലാസ്

തയ്യാറാക്കുന്ന വിധം

ചേരുവകളെല്ലാം മിക്‌സിയുടെ ജാറിലെടുത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു തുണി ഉപയോഗിച്ച് അരിച്ചെടുക്കണം. നല്ല കട്ടിയുള്ള രീതിയിലാകും ഈ ഹെയർ പാക്ക് ലഭിക്കുക.

ഉപയോഗിക്കേണ്ട വിധം

മുടിയിൽ എണ്ണ തേച്ച് 15 മിനിട്ടിന് ശേഷം ഈ ഹെയർ പാക്ക് പുരട്ടിക്കൊടുക്കാവുന്നതാണ്. 15 മിനിട്ടിൽ കൂടുതൽ സമയം ഈ പാക്ക് തലയിൽ വയ്‌ക്കാൻ പാടില്ല. ശേഷം മുടി കഴുകുക. ഷാംപൂ ഉപയോഗിക്കുന്നവർ ഏതെങ്കിലും മൈൽഡ് ഷാംപൂ ഉപയോഗിക്കുക. ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഉപയോഗിക്കാം. ഒറ്റ ഉപയോഗത്തിൽ തന്നെ മുടി കൊഴിച്ചിൽ മാറി പുതിയ മുടികൾ കിളിർക്കുന്നത് കാണാനാകും.