ev

ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി) എണ്ണം ഇന്ത്യയിൽ നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം യാത്ര ചെയ്യാൻ സാധിക്കുമെന്നതാണ് ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധനയിൽ പ്രധാന കാരണം. എന്നാൽ ഇ.വികൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശബ്ദമില്ലാത്തത് വലിയ അപകടങ്ങൾക്ക് കാണമാക്കുന്നുണ്ട്. ഇപ്പോഴിതാ പ്രശ്നത്തിന് പരിഹാരം നിർദ്ദേശിച്ചിരിക്കുകയാണ് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയം.

സഞ്ചരിക്കുമ്പോൾ നിശ്ചിത ശബ്ദം പുറപ്പെടുവിക്കുന്ന അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിംഗ് സിസ്റ്റം (എവിഎഎസ്) പുതിയ വാഹനങ്ങളിൾ ഉൾപ്പെടുത്താനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര മോട്ടോർ വാഹനച്ചട്ടത്തിൽ ഭേദഗതി വരുത്താനുള്ള കരടുവിജ്ഞാപനം പുറത്തിറക്കി. 2026 ഒക്ടോബർ ഒന്ന് മുതൽ വിപണിയിൽ ഇറക്കുന്ന പുതിയ മോഡൽ ഇ.വികൾക്കാണ് ഈ സംവിധാനമുണ്ടാകുക. കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ഇലക്ട്രിക് വാഹനം മൃദുവായ ശബ്ദം പുറപ്പെടുവിക്കുന്നതാണ് സംവിധാനം.

എന്താണ് അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിംഗ് സിസ്റ്റം?
ഇലക്ടിക് അല്ലെങ്കിൽ ഹൈബ്രിഡ് വാഹനങ്ങൾ ചെറിയ സ്പീഡിൽ സഞ്ചരിക്കുമ്പോൾ മൃദുവായ ശബ്ദം പുറപ്പെടുവിക്കുന്നതിനെയാണ് അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിംഗ് സിസ്റ്റം എന്ന് പറയുന്നത്. ഡീസൽ, പെട്രോൾ വാഹനങ്ങളിൽ എഞ്ചിൻ ശബ്ദമുണ്ടാകും. എന്നാൽ ഇ.വികൾക്ക് സ്വഭാവികമായും ഈ ശബ്ദമുണ്ടാകില്ല. പുതിയ സംവിധാനം ഏർപ്പെടുത്തുന്നതോടെ ഇ.വികൾ സഞ്ചരിക്കുന്നത് ശബ്ദത്തോടെയായിരിക്കും.

കാൽനടയാത്രക്കാർ പ്രത്യേകിച്ച് കുട്ടികൾ, പ്രായമായവർ, കാഴ്ച വൈകല്യമുള്ള വ്യക്തികൾ എന്നിവർക്ക് ഈ ശബ്ദം കേട്ട് വാഹനം വരുന്നത് മനസിലാക്കാം. ഇത് അപകടം കുറയ്ക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. ചില വിദേശരാജ്യങ്ങളിലെ വാഹനിർമ്മാതാക്കൾ പുതിയ സംവിധാനം നടപ്പാക്കി വിജയിച്ചിട്ടുണ്ട്.