school

ചണ്ഡീഗഢ്: ഹരിയാന പാനിപ്പത്തിലെ ഒരു സ്വകാര്യ സ്കൂളിൽ കുട്ടികൾക്കെതിരെ നടന്ന ക്രൂരപീഡനത്തിന്റെ വീഡിയോകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ജാട്ടൽ റോഡിലുള്ള ഒരു സ്കൂളിലെ ജീവനക്കാർ കുട്ടികളോട് ക്രൂരമായി പെരുമാറുന്ന രണ്ട് വീഡിയോകളാണ് പുറത്തുവന്നത്. ഒരു വീഡിയോയിൽ ഹോംവർക്ക് ചെയ്യാത്തതിന് രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിലെ ഡ്രെെവർ കയറുകൊണ്ട് തലകീഴായി കെട്ടി മർദിക്കുന്നത് കാണാം.

മുഖിജ കോളനിയിലെ നിവാസിയായ ആൺകുട്ടിയോടായിരുന്നു ഈ ക്രൂരത. സംഭവത്തിൽ വിദ്യാർത്ഥിയുടെ മാതാവ് ഡോളി പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ ഏഴുവയസുകാരനായ മകനെ അടുത്തിടെയാണ് ഈ സ്കൂളിൽ ചേർത്തതെന്ന് ഡോളി പറഞ്ഞു. കുട്ടിയെ ശിക്ഷിക്കാൻ പ്രിൻസിപ്പൽ റീന ഡ്രെെവർ അജയിനെ വിളിച്ചുവരുത്തിയെന്നും തുടർന്ന് അയാൾ ആക്രമിച്ചെന്നും ഡോളി ആരോപിച്ചു. അജയ് തന്നെ ചിത്രീകരിച്ച് സുഹൃത്തുകൾക്ക് അയച്ച വീഡിയോയാണ് പ്രചരിച്ചത്. പിന്നാലെ വീഡിയോ കുട്ടിയുടെ ബന്ധുക്കൾ കാണുകയായിരുന്നു.

മറ്റൊരു വീഡിയോയിൽ പ്രിൻസിപ്പൽ റീന വിദ്യാർത്ഥികളുടെ മുഖത്ത് തുടരെ തുടരെ അടിക്കുന്നതും കാണാം. കുട്ടികൾ രണ്ട് സഹോദരിമാരോട് മോശമായി പെരുമാറിയെന്നും അവരെ ശിക്ഷിക്കുന്നതിന് മുൻപ് മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നും വീഡിയോ പ്രചരിച്ചതിന് പിന്നാലെ റീന പറഞ്ഞു. സ്കൂളിൽ ശിക്ഷയായി കുട്ടികളെകൊണ്ട് ടോയ്‌ലറ്റ് വൃത്തിയാക്കാൻ നിർബന്ധിക്കാറുണ്ടെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനും ഡ്രെെവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഓഗസ്റ്റ് 13ന് അജയ് കുട്ടിയെ മർദിച്ചതായി പ്രിൻസിപ്പൽ റീന സമ്മതിച്ചിട്ടുണ്ട്. ഡ്രെെവ‌റുടെ പെരുമാറ്റത്തെക്കുറിച്ച് ആവർത്തിച്ചുള്ള പരാതികളെ തുടർന്ന് ഓഗസ്റ്റിൽ തന്നെ ഇയാളെ പിരിച്ചുവിട്ടതായി സ്കൂൾ അധികൃതർ വ്യക്തമാക്കി.