
കണ്ണൂർ: പി.എസ്.സി സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് മെയിൻ പരീക്ഷയിൽ ക്യാമറയും ഹെഡ്സെറ്റുമടക്കം ഉപയോഗിച്ച് ഹൈടെക് രീതിയിൽ കോപ്പിയടിച്ച സംഭവത്തിൽ പ്രതിയുടെ സഹായി പിടിയിൽ. കണ്ണൂർ പെരളശ്ശേരി മുണ്ടല്ലൂർ സുരൂർ നിവാസിലെ എം.പി മുഹമ്മദ് സഹദിനെ (25) ആണ് കോപ്പിയടിക്ക് ശ്രമിച്ചതിന് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹായി പെരളശേരി സ്വദേശി എ സബീൽ ആണ് ഇപ്പോൾ പിടിയിലായത്. പരീക്ഷക്കിടെ സഹദിന് ഉത്തരം പറഞ്ഞുകൊടുത്തത് സബീൽ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
പയ്യാമ്പലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കോപ്പിയടി നടന്നത്. ഷർട്ടിന്റെ കോളറിൽ ക്യാമറയും ചെവിയിൽ പുറത്തു കാണാത്ത തരത്തിൽ ഘടിപ്പിച്ച ഹെഡ്സെറ്റുമായാണ് സഹദ് പരീക്ഷയ്ക്കിരുന്നത്. ക്യാമറയിലൂടെ ചോദ്യം പുറത്തെത്തിക്കുകയും ഉത്തരം ഹെഡ്സെറ്റിലൂടെ കേട്ടെഴുതുകയും ചെയ്യുന്ന തരത്തിലായിരുന്നു കോപ്പിയടിച്ചത്. ക്യാമറയും പെൻഡ്രൈവും ഹെഡ്സെറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാവിലെ 10.30 മുതൽ 11.50 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 3.50 വരെയുമായിരുന്നു പരീക്ഷ. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പി.എസ്.സി വിജിലൻസിന്റെ തിരുവനന്തപുരം യൂണിറ്റ് ഉദ്യോഗസ്ഥർ രാവിലെ തന്നെ എത്തിയിരുന്നു. ഒന്നരയ്ക്കുള്ള പരീക്ഷ ആരംഭിച്ച ഉടനെ വിജിലൻസ് പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ടതോടെ യുവാവ് ഹാളിൽ നിന്ന് ഇറങ്ങിഓടിയെങ്കിലും പിന്തുടർന്ന് കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്തതിൽ നിന്ന് പ്രതി മുമ്പും ഇത്തരത്തിൽ കോപ്പിയടിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞമാസം നടന്ന പൊലീസ് സബ് ഇൻസ്പെക്ടർ പരീക്ഷയിലും കൃത്രിമം നടത്തിയെന്നാണ് പൊലീസ് നിഗമനം. സഹദിനെ ഇതുവരെ എഴുതിയ പരീക്ഷകളിൽ അയോഗ്യനാക്കുകയും ഉത്തരകടലാസുകൾ പരിശോധിക്കുകയും ചെയ്യുമെന്ന് പി.എസ്.സി അധികൃതർ അറിയിച്ചിരുന്നു. പരീക്ഷകൾ എഴുതുന്നതിൽ പത്ത് വർഷത്തേക്ക് വിലക്കും ലഭിച്ചേക്കും. പ്രതിയെ വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് കണ്ണൂർ ടൗൺ പൊലീസിന് കൈമാറിയിട്ടുണ്ട്.