
ദിവസവും നിരവധി വിദേശികളാണ് ഇന്ത്യ സന്ദർശിക്കാനായി എത്തുന്നത്. ഇവർ പങ്കുവയ്ക്കുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വിദേശിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ലോകാദ്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ യമുനാ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
പ്രചരിക്കുന്ന വീഡിയോയിൽ വിദേശ ദമ്പതികൾ താജ്മഹലിന് മുന്നിൽ നിൽക്കുന്നത് കാണാം. തുടർന്ന് വീഡിയോയിലുള്ള ആൾ തന്റെ ഭാര്യയോട് എന്തുകൊണ്ടാണ് താജ്മഹൽ ഇന്ത്യയിൽ ഉള്ളതെന്ന് അറിയാമോയെന്ന് ചോദിക്കുന്നു. ചോദ്യം കേട്ട ഉടൻ അവർ നിഷ്കളങ്കമായി പറയുന്ന മറുപടിയാണ് എല്ലാവരെയും ഞെട്ടിച്ചത്.
'കാരണം അത് ബ്രിട്ടനിലേക്ക് മാറ്റാൻ കഴിയില്ല, വളരെ ഭാരമുള്ളതാണ്'- എന്നാണ് യുവതി മറുപടി പറയുന്നത്. ഉത്തരം കേട്ട് ഞെട്ടിപോയ ഭർത്താവ് മറുപടി ഒന്നും പറയുന്നില്ല. വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റി. ശരിക്കും ദമ്പതികൾ കൊൽക്കത്തയിലെ ഇക്കോ പാർക്കിലാണ് നിൽക്കുന്നത്. ഇവിടെ ലോകത്തെ ഏഴ് അത്ഭുതങ്ങളുടെയും പകർപ്പുകൾ ഉണ്ട്. ഇൻസ്റ്റഗ്രാമിലെ 'alexwandersyt' എന്ന പേജിലാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയ്ക്ക് നിരവധി കമന്റുകളും വരുന്നുണ്ട്.
'ബ്രിട്ടീഷ് മ്യൂസിയം അല്ല ചോർ ബസാർ, നമുക്ക് വലിയ ഒരു ബോട്ട് ആവശ്യമാണ്', 'അല്ലെങ്കിൽ അതും അടിച്ചോണ്ട് പോയേനെ എന്ന് സാരം', 'ബ്രിട്ടൻ ഇന്ത്യയിൽ നിന്ന് എല്ലാം കൊള്ളയടിച്ചു എന്നാണ് അവർ പറയുന്നത്', 'എന്തിനാണ് നിങ്ങൾ ഇങ്ങനെ സത്യം പറയുന്നത്'- ഇങ്ങനെ പോകുന്നു കമന്റുകൾ.