tour

വടക്കഞ്ചേരി: കിഴക്കഞ്ചേരി മലയോര കുടിയേറ്റ കർഷക ഭൂമിയെന്ന പേരിനൊപ്പം പുതിയൊരു വിശേഷണവും കുടി പാലക്കുഴിക്ക് സ്വന്തമാവുകയാണ് മലയോര ടൂറിസം കേന്ദ്രം. തിണ്ടില്ലം വെള്ളച്ചാട്ടത്തിന്റെ മനോഹാരിത കൊണ്ടുതന്നെ ഔദ്യോഗികമായി ടൂറിസം ഭൂപടത്തിൽ പാലക്കുഴി ഇടം പിടിച്ചിട്ടുണ്ട്.

വെള്ളച്ചാട്ടത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ജലവൈദ്യുതി പദ്ധതി നിർമ്മാണം അവസാന ഘട്ടത്തിലാണ്. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ അഭിമാന പദ്ധതിയാണ് ഇവിടെ പൂർത്തിയായി കൊണ്ടിരിക്കുന്ന മിനി ജല വൈദ്യുതി പദ്ധതി. അണക്കെട്ട് കേന്ദ്രീകരിച്ച് 1.50 കോടിയുടെ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്തിട്ടുള്ളത്.


ബോട്ടിങ്ങ്, റോപ് വേ, അടിസ്ഥാന സൗകര്യമൊരുക്കൽ, ഹോം സ്റ്റേകൾ തുടങ്ങിയവയാണ് പ്രധാനമായും ഉൾപ്പെടുത്തുക. ടൂറിസം പ്രോത്സാഹനത്തിനും ഏകോപനത്തിനുമായി കിഴക്കൻമേഖലാ ടൂറിസം പ്രെമോഷൻ കൗൺസിൽ എന്ന പേരിൽ നാട്ടുകാരുൾപ്പെടുന്ന സൊസൈറ്റിയും രൂപീകരിച്ചിട്ടുണ്ട്.

കണച്ചിപ്പരുതയിൽ നിന്ന് പാലക്കുഴിയിലേക്കുള്ള യാത്രതന്നെ മനംകുളിർപ്പിക്കും.

എത്ര വെയിലുണ്ടെങ്കിലും തണുത്തകാറ്റും മലനിരകളുടെ വിദൂരക്കാഴ്ചകളും യാത്ര അവസാനിക്കുന്ന പി.സി.എയിൽ നിന്ന് ആസ്വദിക്കാം. ടാർ റോഡ് വഴി പാത്തിപ്പാറയിലെത്തി പുരാതനസംസ്‌കൃതിയുടെ ശേഷിപ്പുകളായ നന്നങ്ങാടികളും കാണാം. മംഗലം, ചിമ്മിനി, പീച്ചി എന്നീ മൂന്ന് അണക്കെട്ടുകളും പാത്തിപ്പാറയിൽ നിന്ന് കാണാം.