shifna

സ്വന്തം സുഖസൗകര്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി ജീവിക്കുന്നവർക്കിടയിൽ സഹജീവി സ്‌നേഹത്തിന്റെ നിസ്വാർത്ഥമായ പര്യായമായി മാറുകയാണ് കൊല്ലം പാരിപ്പള്ളി സ്വദേശിനി ഷിഫ്‌ന. കെഎസ്‌ആർടിസി ബസിൽ മീൻ വണ്ടിയിടിച്ച് മീനെല്ലാം നിലത്തുവീണപ്പോൾ ആരും ആവശ്യപ്പെടാതെ തന്നെ അതെല്ലാം പെറുക്കിയെടുത്ത് മീൻ പെട്ടിയിൽ നിക്ഷേപിച്ചതിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ഷിഫ്‌ന കയ്യടി നേടുന്നത്. പാരിപ്പള്ളി മുക്കട ജംഗ്ഷ‌നിലാണ് സംഭവം നടന്നത്.

മകനെ സ്‌കൂൾ ബസിൽ കയറ്റിവിടാനാണ് ഷിഫ്‌ന ജംഗ്ഷനിലെത്തിയത്. ഇതിനിടെയാണ് ബൈക്കിൽ മീനുമായി എത്തിയ ആളുടെ വണ്ടി പിന്നോട്ട് ഉരുണ്ട് അവിടെ നിർത്തിയിട്ടിരുന്ന കെഎസ്‌ആർടിസി ബസിന്റെ പിന്നിലിടിച്ച് മറിഞ്ഞത്. പിന്നാലെ വിൽക്കാൻ കൊണ്ടുവന്ന മീനെല്ലാം റോഡിൽ വീണു. അതുവഴി പോയ വാഹനങ്ങൾ മീനുകളുടെ മുകളിലൂടെ കയറിയിറങ്ങുകയും ചെയ്തു.

തുടർന്ന് ബസിൽ നിന്ന് ഡ്രൈവറും കണ്ടക്‌ടറും പുറത്തിറങ്ങി മീനുമായി എത്തിയ വയോധികനുമായി സംസാരിക്കാൻ തുടങ്ങി. ഈ സമയം ഷിഫ്‌ന മറ്റൊന്നും ശ്രദ്ധിക്കാതെ നിലത്തിരുന്ന് മീനുകൾ പെറുക്കി പെട്ടിയിൽ തിരികെ ഇടുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ ഷിഫ്‌നയ്ക്ക് അഭിനന്ദനപ്രവാഹമെത്തുകയായിരുന്നു. ഷിഫ്നയുടെ ഭർത്താവ് ഷമീർ ഗൾഫിലാണ്. മകൻ മുഹമ്മദ് നിയാൽ എൽകെജി വിദ്യാർത്ഥിയും.