
വാഷിംഗ്ടൺ: അമേരിക്കയ്ക്ക് പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും 100 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കുഞ്ഞിന്റെ കയ്യിൽ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ നമ്മുടെ സിനിമാ നിർമ്മാണ മേഖലയെ മറ്റ് രാജ്യങ്ങൾ അമേരിക്കയിൽ നിന്ന് മോഷ്ടിച്ചിരിക്കുകയാണെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് കുറിച്ചു.
നേരത്തെ മേയിലും ഇത്തരം നികുതികൾ ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും കൂടുതൽ വിവരങ്ങൾ നൽകാത്തത് വിനോദ വ്യവസായ എക്സിക്യൂട്ടീവുമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ സിനിമകളുടെ വിദേശ ബോക്സ് ഓഫീസിലേക്ക് ഏകദേശം 35 ശതമാനം മുതൽ 40 ശതമാനം വരെ സംഭാവന ചെയ്യുന്നത് അമേരിക്കയാണ്.
ബോളിവുഡിനും പ്രാദേശിക സിനിമകൾക്കും ഏറ്റവും പ്രധാനപ്പെട്ട വിദേശ വിപണിയാണ് യുഎസ്. പുതിയ നിയമങ്ങൾ പൂർണ്ണമായി നടപ്പിലാക്കുകയാണെങ്കിൽ ടിക്കറ്റ് വിലയും വിതരണച്ചെലവുകളും ഇരട്ടിയാകാൻ സാദ്ധ്യതയുണ്ട്. ഇത് പല ഇന്ത്യൻ സിനിമകളുടെയും വിതരണത്തെ നഷ്ടത്തിലാക്കും. വരുമാനം കുറഞ്ഞ ചെറുകിട, ഇടത്തരം ബഡ്ജറ്റ് ചിത്രങ്ങൾക്കാണ് ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാകാനുള്ള സാദ്ധ്യത.