modi

ന്യൂഡൽഹി : ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ആത്മകഥ 'ഐ ആം ജോർജിയ: മൈ റൂട്ട്സ്, മൈ പ്രിൻസിപ്പിൾസ്' എന്ന ആത്മകഥ രൂപ പബ്ലിക്കേഷൻസ് ഇന്ത്യയിൽ പുറത്തിറക്കാൻ ഒരുങ്ങുന്നു. മെലോണിയുടെ ജീവിതം ഒരിക്കലും രാഷ്ട്രീയത്തെക്കുറിച്ചോ അധികാരത്തെക്കുറിച്ചോ ആയിരുന്നില്ല. അത് അവരുടെ ധൈര്യത്തെക്കുറിച്ചും ബോധ്യത്തെക്കുറിച്ചും പൊതുസേവനത്തോടും ഇറ്റലിയിലെ ജനങ്ങളോടുമുള്ള പ്രതിബദ്ധതയെക്കുറിച്ചുമാണ്. ആത്മകഥ,​ വായനക്കാർക്ക് മെലോണിയുടെ ഹൃദയത്തിലേക്കും മനസ്സിലേക്കും ഒരു തുറന്ന കാഴ്ച നൽകും എന്ന് ആത്മകഥയുടെ ഇന്ത്യൻ പതിപ്പിന്റെ ആമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതി.

കഴിഞ്ഞ 11 വർഷത്തിനിടയിൽ, വ്യത്യസ്തമായ ജീവിത യാത്രയുള്ള നിരവധി ലോക നേതാക്കളുമായി ഇടപഴകാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ, അവരുടെ യാത്രകൾ വ്യക്തിപരമായ കഥകളെ മറികടന്ന് കൂടുതൽ വലിയ കാര്യങ്ങളുമായി സംസാരിക്കുന്നു. സംസ്കാരങ്ങളിലും നൂറ്റാണ്ടുകളിലും നിലനിന്ന ആദർശങ്ങളെ അവ നമ്മെ ഓർമ്മിപ്പിക്കുന്നു. പ്രധാനമന്ത്രി മെലോണിയുടെ ജീവിതത്തിൽ അത്തരം നിരവധി സന്ദർഭങ്ങളുണ്ട്. അത് ഈ പുസ്തകത്തെ വളരെ സവിശേഷമാക്കുന്നു. അവരുടെ യാത്ര പ്രചോദനാത്മകവും ചരിത്രപരവുമാണെന്ന് മോദി വ്യക്തമാക്കി.


മെലോണി അധികാരമേറ്റെടുക്കുമ്പോൾ എങ്ങനെയാകുമെന്ന് മാദ്ധ്യമങ്ങളുടെയും രാഷ്ട്രീയ വിശകലന വിദഗ്ധരുടെയും ഒരു വിഭാഗം സംശയിച്ചിരുന്നു. "എന്നാൽ, ശ്രദ്ധേയയായ നേതാവായി ജോർജിയ മെലോണി തന്റെ രാജ്യത്തിന് ശക്തിയും സ്ഥിരതയും നൽകി. അവർ എല്ലായ്പ്പോഴും പ്രായോഗികതയും ആഗോള നന്മയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രതിജ്ഞാബദ്ധയുമായിരുന്നു. ശ്രദ്ധേയമായ വ്യക്തതയോടെ അവർ ഇറ്റലിയുടെ താൽപ്പര്യങ്ങൾ സ്ഥിരമായി പ്രകടിപ്പിച്ചു. അതേസമയം, ആഗോള വേദിയിൽ വ്യക്തമായ ഉത്തരവാദിത്വബോധത്തോടെയും ലക്ഷ്യബോധത്തോടെയും ഇടപഴകിക്കൊണ്ട്, പരസ്പരബന്ധിതമായ ലോകത്തിന്റെ വെല്ലുവിളികളോടും അവർ ആഴത്തിൽ ഇണങ്ങിച്ചേർന്നു. "ഐ ആം ജോർജിയ" എന്ന ഈ ആത്മകഥ, യൂറോപ്പിലെയും ലോകത്തിലെയും ഏറ്റവും ചലനാത്മകവും ഊർജ്ജസ്വലവുമായ നേതാക്കളിൽ ഒരാളുടെ ഹൃദയത്തിലേക്കും മനസ്സിലേക്കും ഒരു സത്യസന്ധവും അപൂർവവുമായ ഒരു ഉൾക്കാഴ്ച വായനക്കാർക്ക് നൽകുന്നു. ഇത് വളരെ വ്യക്തിപരവുമാണ്. മോദി എഴുതി.