money

കൊച്ചി: സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും നിയന്ത്രണ വിധേയമായ നാണയപ്പെരുപ്പവും കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കൂടി കുറച്ചേക്കും. ഇന്നലെ ആരംഭിച്ച റിസര്‍വ് ബാങ്കിന്റെ മൂന്ന് ദിവസത്തെ ധന നയ അവലോകന യോഗത്തിന് ശേഷം നാളെ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടായേക്കും. റിസര്‍വ് ബാങ്കില്‍ നിന്ന് വാണിജ്യ ബാങ്കുകള്‍ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ 5.25 ശതമാനത്തിലേക്ക് താഴ്ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിക്ക് ശേഷം മൂന്ന് തവണയായി റിപ്പോ നിരക്ക് ഒരു ശതമാനം കുറച്ചിരുന്നു.

അമേരിക്ക ഇന്ത്യന്‍ ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമായി ഉയര്‍ത്തിയതോടെ രാജ്യത്തെ കയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ആഭ്യന്തര ഉപഭോഗം മെച്ചപ്പെടുത്തി വെല്ലുവിളി മറികടക്കാന്‍ പലിശ കുറയ്ക്കുന്നതിലൂടെ സഹായിക്കുമെന്ന് എസ്.ബി.ഐ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ജി.എസ്.ടി ഏകീകരണത്തിനൊപ്പം പലിശയും കുറയുന്നതോടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ(ജി.ഡി.പി) വളര്‍ച്ച 6.5 ശതമാനത്തിന് മുകളിലെത്തുമെന്നാണ് പ്രവചനം.

നിലവിലെ റിപ്പോ നിരക്ക് 5.5 ശതമാനം

റിയല്‍ എസ്റ്റേറ്റ് വിപണിക്ക് ആശ്വാസമാകും

ബാങ്ക് വായ്പകളുടെ പലിശ വീണ്ടും കുറയുന്നതോടെ രാജ്യത്തെ ഭവന വിപണിയില്‍ മികച്ച ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരി, സ്വര്‍ണ, ബോണ്ട് വിപണികള്‍ കഴിഞ്ഞ കാലങ്ങളില്‍ മികച്ച വരുമാനം നല്‍കിയെങ്കിലും റിയല്‍ എസ്റ്റേറ്റ് രംഗത്ത് മാന്ദ്യം തുടരുകയാണ്. ഉയര്‍ന്ന വായ്പാ പലിശയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികൂല നടപടികളുമാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തിന് തിരിച്ചടിയായത്.

വ്യാവസായിക ഉത്പാദന വളര്‍ച്ച കുറഞ്ഞു

വ്യാവസായിക ഉത്പാദന സൂചികയിലെ(ഐ.ഐ.പി) വളര്‍ച്ച ആഗസ്റ്റില്‍ നാല് ശതമാനത്തിലേക്ക് താഴ്ന്നു. ജൂലായില്‍ വ്യവസായ ഉത്പാദന വളര്‍ച്ച 4.3 ശതമാനമായിരുന്നു. ഖനന മേഖലയിലെ മികച്ച പ്രകടനം ഗുണമായി. അതേസമയം മാനുഫാക്ചറിംഗ് രംഗത്തെ വളര്‍ച്ച ജൂലായിലെ ആറ് ശതമാനത്തില്‍ നിന്ന് 3.8 ശതമാനമായി താഴ്ന്നു.