pic

വാഷിംഗ്ടൺ: ദീർഘ ദൂര ടോമഹോക്ക് ക്രൂസ് മിസൈലുകൾ നൽകണമെന്ന യുക്രെയിന്റെ അഭ്യർത്ഥന തങ്ങൾ പരിഗണിക്കുന്നതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കുമെന്നും വാൻസ് പറഞ്ഞു. റഷ്യൻ നഗരങ്ങളെ ലക്ഷ്യമാക്കാൻ കഴിയുന്ന ദീർഘ ദൂര ആയുധങ്ങൾ നൽകണമെന്നത് യുക്രെയിന്റെ ഏറെ നാളത്തെ ആവശ്യമാണ്.

ഇത്തരം ആയുധങ്ങൾ നൽകിയാൽ യുദ്ധത്തിന്റെ ഗതി മാറുമെന്ന് റഷ്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 2,500 കിലോമീറ്ററാണ് ടോമഹോക്ക് മിസൈലിന്റെ പ്രഹര പരിധി. മോസ്കോ അടക്കം തന്ത്രപ്രധാന റഷ്യൻ നഗരങ്ങൾ ഈ പരിധിക്കുള്ളിൽ വരും. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള തന്റെ നീക്കങ്ങളെല്ലാം പരാജയപ്പെട്ടത് ട്രംപിനെ അസ്വസ്ഥനാക്കിയിട്ടുണ്ട്.

ഞായറാഴ്ച യുക്രെയിനിൽ 12 മണിക്കൂറോളമാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. 4 പേർ കൊല്ലപ്പെട്ടു. 70 പേർക്ക് പരിക്കേറ്റു. റഷ്യൻ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ടോമഹോക്ക് പോലുള്ള മിസൈലുകൾക്ക് മാത്രമേ ശക്തമായ പ്രതിരോധം തീർക്കാൻ കഴിയൂ എന്ന് യുക്രെയിൻ പറയുന്നു. അടുത്തിടെ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ടോമഹോക്കിനായി നേരിട്ട് അഭ്യർത്ഥന നടത്തിയിരുന്നു.

 ഭയക്കണം ടോമഹോക്കിനെ

ഉന്നം പിഴയ്ക്കാത്ത ആക്രമണമാണ് ടോമഹോക്ക് മിസൈലിന്റെ പ്രത്യേകത. കപ്പലുകളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും പ്രയോഗിക്കാം. നൂതന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സങ്കീർണമായ ഭൂപ്രദേശങ്ങളിൽ കടന്നുകയറി വ്യോമപ്രതിരോധത്തെ തകർക്കും.


 നീളം - 20.6 അടി

 ഭാരം - 1600 കിലോഗ്രാം

 മണിക്കൂറിൽ 880 കിലോമീറ്റർ വേഗത

 പ്രഹര പരിധി 2,500 കിലോമീറ്റർ

 റഡാർ സംവിധാനങ്ങളുടെ കണ്ണിൽപ്പെടില്ല

 ജനറൽ ഡൈനാമിക്‌സും പിന്നീട് റേതിയോണും വികസിപ്പിച്ചു

 1983ൽ അമേരിക്കൻ സേനയുടെ ഭാഗമായി

 ആണവായുധം വഹിക്കാൻ ശേഷി