gandhi-statue

ലണ്ടൻ: ഒക്‌ടോബർ രണ്ടിന് ഗാന്ധിജയന്തി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കവേ ലണ്ടനിലെ ഗാന്ധിപ്രതിമ നശിപ്പിച്ച് അക്രമികൾ. ട്രാവിസ്റ്റോക് സ്‌ക്വയറിലെ ലണ്ടൻ സർവകലാശാലയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന ഗാന്ധിപ്രതിമയാണ് വികൃതമാക്കിയത്.

പ്രതിമയിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും എഴുതിയിട്ടുണ്ട്. സംഭവത്തെ ഇന്ത്യൻ ഹൈക്കമ്മിഷൻ ശക്തമായി അപലപിച്ചു. സംഭവം ലജ്ജാകരമായ പ്രവൃത്തിയാണെന്നും അഹിംസയുടെ പൈതൃകത്തിനുനേരെയുള്ള ആക്രമണമാണെന്നും ഹൈക്കമ്മിഷൻ ചൂണ്ടിക്കാട്ടി.


വിഷയം കമ്മിഷൻ പ്രാദേശിക അധിക‌ൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രതിമ പൂർവസ്ഥിതിയിലാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. 'ഇത് വെറും നശിപ്പിക്കൽ മാത്രമല്ല, മറിച്ച് അന്താരാഷ്ട്ര അഹിംസാ ദിനത്തിന് മൂന്ന് ദിവസം മുമ്പ്, അഹിംസ എന്ന ആശയത്തിനും മഹാത്മാഗാന്ധിയുടെ പൈതൃകത്തിനും നേരെയുള്ള ആക്രമണമാണ്. അടിയന്തര നടപടിക്കായി പ്രാദേശിക അധികാരികളോട് വിഷയം ശക്തമായി ഉന്നയിച്ചിട്ടുണ്ട്. കൂടാതെ പ്രതിമ പുനഃസ്ഥാപിക്കുന്നതിന് അധികാരികളുമായി ചേർന്ന് പ്രവർത്തിക്കാൻ ഹൈക്കമ്മിഷൻ സംഘം ഇതിനകം സ്ഥലത്തെത്തിയിട്ടുണ്ട്,"- കമ്മിഷൻ അറിയിച്ചു. സംഭവത്തിൽ മെട്രോപൊളിറ്റൻ പൊലീസും പ്രാദേശിക കാംഡെൻ കൗൺസിൽ അധികൃ‌തരും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

1968ലാണ് ലണ്ടൻ സർവകലാശാലയ്ക്ക് സമീപത്തായി ഗാന്ധിപ്രതിമ സ്ഥാപിച്ചത്. ഫ്രെഡ ബ്രില്യന്റ് ആണ് ശില്പി. ഇന്ത്യാ ലീഗിന്റെ സഹകരണത്തോടെയാണ് വെങ്കല പ്രതിമ സ്ഥാപിച്ചത്. മഹാത്മാഗാന്ധി ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിയമ വിദ്യാർത്ഥിയായിരുന്നതിന്റെ അനുസ്മരണാർത്ഥമാണ് പ്രതിമ സ്ഥാപിച്ചത്. "മഹാത്മാഗാന്ധി, 1869-1948"- എന്നാണ് പ്രതിമയിൽ ആലേഖനം ചെയ്തിട്ടുള്ളത്. എല്ലാക്കൊല്ലവും ഗാന്ധിജയന്തി ദിനത്തിൽ ഇവിടെ പുഷ്‌പാർച്ചനയും ഭജനയും നടത്താറുണ്ട്.