hospital

ദുബായ്: യുഎഇയിലെ ആശുപത്രികളിൽ ഹൃദയാഘാതം കാരണമെത്തുന്ന രോഗികളിൽ പകുതിയോളം പേരും 50 വയസിന് താഴെയുള്ളവരെന്ന് റിപ്പോർട്ട്. പ്രവാസികൾ ഉൾപ്പെടെയുള്ള ചെറുപ്പക്കാരിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു എന്നതിന്റെ സൂചനയാണിത്.

ലോക ഹൃദയദിനം ആചരിക്കുന്നതിനിടെയാണ് ഈ ഗുരുതര പ്രശ്‌നത്തെക്കുറിച്ച് യുഎഇയിലെ മെഡിക്കൽ വിദഗ്ധർ എടുത്തുകാട്ടിയത്. 15 വർഷം മുമ്പുതന്നെ ആഗോള ശരാശരിയേക്കാൾ കൂടുതൽ ഹൃദ്‌രോഗികൾ യുഎഇയിൽ ഉണ്ടെന്ന് ക്ലിനിക്കൽ പഠനങ്ങൾ കാണിക്കുന്നു. മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ ഹൃദയാഘാതം വരുന്നവരുടെ ശരാരശി പ്രായം അഞ്ച് മുതൽ പത്ത് വയസുവരെ കുറഞ്ഞു.

പ്രവാസികൾ ഉൾപ്പെടെ പ്രായം കുറഞ്ഞ പലരും ഹൃദ്‌രോഗത്തെപ്പറ്റി ചിന്തിക്കാറുപോലുമില്ല. ഇത്രയും ചെറുപ്പത്തിൽ തന്നെ ഗുരുതര രോഗം ബാധിക്കുന്നത് പണ്ടുകാലത്ത് അപൂ‌ർവമായിരുന്നെങ്കിലും ഇപ്പോൾ അങ്ങനെയല്ല. ജീവിതശൈലിയും ജോലിയിലെ സമ്മർദവും കാരണം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായേക്കാം. പുകവലി, മദ്യപാനം പോലുള്ള ശീലങ്ങൾ, പൊണ്ണത്തടി തുടങ്ങിയവയെല്ലാം ഇതിന്റെ സാദ്ധ്യത കൂട്ടും. അതിനാൽ, ദിവസേനയുള്ള വ്യായാമം, ആരോഗ്യകരമായ ഭക്ഷണം എന്നിവ ശീലമാക്കണമെന്നും ആരോഗ്യ വിദഗ്‌ദ്ധർ പറഞ്ഞു.