
നവരാത്രി ആഘോഷത്തിലാണ് വിശ്വാസികൾ. ഇന്നലെയായിരുന്നു പുസ്തകങ്ങൾ പൂജയ്ക്ക് വച്ചത്. ആ സാഹചര്യത്തിൽ പലർക്കുമുള്ള സംശയമാണ് പൂജവച്ച ശേഷം പുസ്തകങ്ങൾ വായിക്കാമോ എന്നുള്ളത്. അതിന് മറുപടിയുമായെത്തിയിരിക്കുകയാണ് പുതുമന മഹേശ്വരൻ നമ്പൂതിരി.
'പല വ്യക്തികൾക്കുമുള്ള സംശയമാണ് പൂജവച്ച ശേഷം ഗ്രന്ഥങ്ങൾ വായിക്കാമോ എന്നുള്ളത്. യാതൊരുവിധത്തിലുള്ള കുഴപ്പങ്ങളുമില്ല. പൂജവച്ച ശേഷവും ഗ്രന്ഥങ്ങൾ വായിക്കാം. ഏതെങ്കിലും രീതിയിലുള്ള വിദ്യകളുടെ പഠനം ഈ ദിവസങ്ങളിൽ പാടില്ല എന്ന് മാത്രമേയുള്ളൂ. എന്നുപറഞ്ഞാൽ വിദ്യാർത്ഥികളെ സംബന്ധിച്ച്, ദേവിയുടെ പാദത്തിലേക്ക് ഗ്രന്ഥങ്ങൾ സമർപ്പിച്ചുകഴിഞ്ഞാൽ വിദ്യാരംഭം തൊട്ടാണ് പഠനം വീണ്ടും ആരംഭിക്കേണ്ടത്. പൂർണമായും ഉപാസനയ്ക്കുള്ള ദിവസങ്ങളാണെന്ന് സാരം. പഠിക്കാൻ വേണ്ടി ഉപയോഗിക്കരുതെന്ന് മാത്രമേയുള്ളൂ. ലളിതാ സഹസ്രനാമം അടക്കമുള്ള ഗ്രന്ഥങ്ങൾ വായിക്കാൻ താത്പര്യമുള്ളവർ ഉണ്ടായിരിക്കും.
ദേവിയെ സംബന്ധിക്കുന്ന കീർത്തനങ്ങളും മറ്റും ചൊല്ലാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവ നമുക്ക് കാണാതെ അറിയത്തില്ല. നോക്കി ചൊല്ലാൻ മാത്രമേ സാധിക്കുകയുള്ളൂ. അതിനുവേണ്ടി ഗ്രന്ഥങ്ങൾ വായിക്കുന്നതിന് കുഴപ്പമില്ല. പൂജവച്ചുകഴിഞ്ഞാൽ ഒരു വിധത്തിലുമുള്ള ഗ്രന്ഥങ്ങളും വായിക്കരുതെന്നല്ല. പഠനങ്ങൾ ഒന്നും തന്നെ പാടില്ലെന്നേയുള്ളൂ. ആരാധനാ സമ്പ്രദായവുമായി ബന്ധപ്പെട്ട് പ്രാർത്ഥനയ്ക്ക് വേണ്ടിയുള്ള എല്ലാ ഗ്രന്ഥങ്ങളും വായിക്കാം. അതിന് യാതൊരു കുഴപ്പവുമില്ല. പരമാവധി ആരാധന ചെയ്യുകയാണ് വേണ്ടത്. എത്രമാത്രം പരാശക്തിയെ പ്രാർത്ഥിക്കാൻ സാധിക്കുമോ അത്രമാത്രം മനസിരുത്തി പ്രാർത്ഥിക്കുക. ആ പ്രാർത്ഥനയിലൂടെ ദേവിയുടെ കടാക്ഷം നമുക്കുണ്ടാകുന്നു. വിജയദശമി ദിനത്തിൽ ദേവിയുടെ അനുഗ്രഹത്തോടുകൂടി നമ്മുടെ വിദ്യ വീണ്ടും ഒന്നുകൂടി ആരംഭിക്കുന്നെന്ന് മാത്രം.'- പുതുമന മഹേശ്വരൻ നമ്പൂതിരി പറഞ്ഞു.