
ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയിയെത്തുടർന്ന് പിടിയിലായ ശ്രീ ശാരദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് ഡയറക്‌ടറായിരുന്ന ചൈതന്യാനന്ദ സരസ്വതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി സ്‌ത്രീകളുമായി ചാറ്റ് ചെയ്‌തതിന്റെ രേഖകൾ പൊലീസ് കണ്ടെടുത്തു. വിവിധ വാഗ്ദാനങ്ങൾ നൽകി സ്‌ത്രീകളെ ചൈതന്യാനന്ദ സരസ്വതി വശീകരിക്കാൻ ശ്രമിച്ചിരുന്നതായും കണ്ടെത്തി.
പാർത്ഥ സാരഥി എന്നറിയപ്പെടുന്ന ചൈതന്യാനന്ദ, നിരവധി വനിതാ ക്യാബിൻ ക്രൂ അംഗങ്ങളുമൊത്തുള്ള ചിത്രങ്ങളും തന്റെ ഫോണിൽ സൂക്ഷിച്ചിരുന്നു. നിരവധി സ്‌ത്രീകളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രങ്ങളുടെ സ്‌ക്രീൻഷോട്ടുകളും അയാൾ സേവ് ചെയ്‌തിരുന്നു. ചൈതന്യാനന്ദയുടെ കൂട്ടാളികളായ രണ്ട് സ്‌ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കൽ, സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കൽ, ശാരീരിക ബന്ധത്തിന് നിർബന്ധിക്കൽ, പീഡനം തുടങ്ങിയ പരാതികളാണ് ചൈതന്യാനന്ദയ്‌ക്കെതിരെ വന്നിട്ടുള്ളത്. വനിതാ ഹോസ്റ്റലിൽ രഹസ്യമായി ക്യാമറകൾ സ്ഥാപിച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇരകൾ പരാതി നൽകിയതിന് പിന്നാലെ ഒളിവിൽ പോയ ചൈതന്യാനന്ദയെ 50 ദിവസത്തിന് ശേഷമാണ് ആഗ്രയിലെ ഒരു ഹോട്ടലിൽ നിന്ന് പൊലീസ് പിടികൂടിയത്.
ഇയാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യുമ്പോൾ കള്ളം പറയുന്നതായും പൊലീസ് പറഞ്ഞു. നിഷേധിക്കാനാകാത്ത തെളിവുകൾ നിരത്തുമ്പോൾ മാത്രമാണ് പ്രതി സംസാരിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തന്റെ പ്രവൃത്തികളിൽ പ്രതിക്ക് പശ്ചാത്താപമോ കുറ്റബോധമോ ഇല്ലെന്നും അവർ പറഞ്ഞു. വ്യാജ വിസിറ്റിംഗ് കാർഡുകളും പാസ്‌പോർട്ടുകളും നിർമ്മിച്ചതുൾപ്പെടെ നിരവധി തട്ടിപ്പ് പ്രവർത്തനങ്ങളിൽ ഇയാൾ ഏർപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.