
ഏറ്റവും നിഷ്‌കളങ്കർ ആരാണെന്ന് ചോദിച്ചാൽ കുട്ടികളാണെന്ന് നിസംശയം പറയാം. ചതിയോ വഞ്ചനയോ ഒന്നും അവർക്ക് വശമില്ല. വലുതാകുന്തോറുമാണ് അവർ അതൊക്കെ പഠിക്കുന്നത്. അത്തരത്തിൽ മിസോറാമിലെ ഒരു ആറ് വയസുകാരന്റെ നിഷ്‌കളങ്കതയും കരുണയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയടി നേടിക്കൊണ്ടിരിക്കുന്നത്.
ഡെറിക് സി ലാൽചൻഹിമ എന്നാണ് കുട്ടിയുടെ പേര്. തെരുവിലൂടെ സൈക്കിൾ ചവിട്ടുകയായിരുന്നു. ഇതിനിടയിൽ അബദ്ധത്തിൽ അയൽവാസിയുടെ കോഴിക്കുഞ്ഞിന്റെ മേൽ സൈക്കിൾ കയറി. പിന്നീട് സംഭവിച്ച കാര്യങ്ങളാണ് ഏവരുടെയും ഹൃദയം കവരുന്നത്. പരിക്കേറ്റ കോഴിക്കുഞ്ഞിനെ ഉപേക്ഷിച്ചുപോകാൻ അവന് കഴിഞ്ഞില്ല. ശ്രദ്ധയോടെ അതിനെയെടുക്കുകയും അടുത്തുള്ള ആശുപത്രിയിലേക്ക് പോകുകയും ചെയ്തു.
അവിടംകൊണ്ടും തീർന്നില്ല അവന്റെ നന്മ. വെറും കൈയോടെയായിരുന്നില്ല കുട്ടി ആശുപത്രിയിലെത്തിയത്. സൂക്ഷിച്ചുവച്ചിരുന്ന പത്ത് രൂപ നോട്ടുമായിട്ടാണ് കക്ഷി എത്തിയത്. കോഴിക്കുഞ്ഞിനെ ചികിത്സിക്കാൻ ഇത്രയും പണം മതിയാകുമെന്നാണ് അവൻ കരുതിയത്. എന്നിരുന്നാലും ഒരു കൈയിൽ കോഴിക്കുഞ്ഞും മറുകൈയിൽ പത്ത് രൂപയുമായും നിൽക്കുന്ന ഡെറിക്കിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വർഷങ്ങൾക്ക് മുമ്പാണ് ഈ സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ഇത് വൈറലാകുന്നത്. നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്. കുട്ടിയുടെ വലിയ മനസാണെന്നും വലുതാകുമ്പോൾ ഈ നിഷ്കളങ്കത നഷ്ടപ്പെടുത്തരുതെന്നൊക്കെയാണ് കമന്റുകൾ.