ayoob-khan

കൽപ്പറ്റ: തെളിവെടുപ്പിനിടെ കൈവി​ലങ്ങുമായി​ രക്ഷപ്പെട്ട മോഷണക്കേസിലെ പ്രതികളായ അച്ഛനും മകനും പിടിയിൽ. പാലോട് വാടകയ്ക്കു താമസിക്കുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ അയൂബ് ഖാൻ (62), മകൻ സെയ്‌തലവി (20) എന്നിവരാണ് പിടിയിലായത്. ഞായറാഴ്‌ച പുലർച്ചെ നാലിന് കൊല്ലം കടയ്ക്കൽ ചുണ്ടയിൽ തെളിവെടുപ്പിനിടെയായിരുന്നു രക്ഷപ്പെട്ടത്.

പാലോട് മോഷണക്കേസുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പാലോട് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതി​നി​ടെ പൊലീസ് ജീപ്പിൽ നിന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കൊല്ലം അഞ്ചൽ കടയ്ക്കൽ റോഡിൽ ചുണ്ടയ്ക്ക് സമീപം എത്തിയപ്പോൾ മൂത്രം ഒഴിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. വിലങ്ങ് അഴിക്കുന്നതിനിടെ ഇവർ രക്ഷപ്പെടുകയായിരുന്നു.

പാലോടും പരിസരങ്ങളിലുമായി അഞ്ചിലധികം കടകളിൽ പ്രതികൾ മോഷണം നടത്തിയിരുന്നു. അതിനുശേഷം സെയ്തലവിയും അയൂബ് ഖാനും തങ്ങളുടെ മാരുതി സെൻ കാറിൽ നാട്ടിലേക്ക് കടന്നു. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തി​നൊടുവിൽ പ്രതികളെ സുൽത്താൻ ബത്തേരിയിൽനിന്നു കസ്റ്റഡിയിലെടുത്തു. പൊലീസ് സംഘത്തിൽ എസ്.ഐ. ഉൾപ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്.

പ്രതികൾക്കായി കടയ്ക്കൽ, ചിതറ, ചടയമംഗലം. പാലോട് സ്റ്റേഷനുകളിലെ സി.ഐമാരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരും നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്നാണ് തിരച്ചിൽ നടത്തിയത്. കോട്ടുക്കൽ ജില്ലാ കൃഷിത്തോട്ടത്തിൽ പ്രതികളിൽ ഒരാളെ കണ്ടതായി സംശയിച്ച് ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തിയിരുന്നു. പൊലീസ് നായ്‌ക്കളെ കൊണ്ടുവന്നും പരിശോധന നടത്തി. വയനാട് മേപ്പാടിയിലുള്ള ഒരു വാടകവീട്ടിൽ പ്രതികൾ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മേപ്പാടി പൊലീസ് ഇരുവരെയും ഇന്ന് രാവിലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലോട് പൊലീസ് മേപ്പാടിയിലെത്തി പ്രതികളെ ഏറ്റുവാങ്ങും.