
യൂറോപ്പിലെ ഏറ്റവും മനോഹരവും ഡിജിറ്റൽ നൂതനത്വത്തിൽ മുൻപന്തിയിലുമുള്ള രാജ്യങ്ങളിലൊന്നാണ് എസ്റ്റോണിയ. രാജ്യത്തെത്തുന്ന വിദേശികൾക്ക് പെർമനന്റ് റസിഡൻസ് പെർമിറ്റ് നൽകുന്നതിനായി പുതിയ പദ്ധതിയാണ് നിലവിൽ രൂപീകരിക്കാൻ പോകുന്നത്. സ്റ്റാർട്ടപ്പ് സംസ്കാരവും ഡിജിറ്റൽ രംഗത്തെ മുന്നേറ്റവും എസ്റ്റോണിയയെ എല്ലായ്‌പ്പോഴും കുടിയേറ്റത്തിനും തൊഴിലവസരങ്ങൾക്കും മികച്ച ഇടമായിട്ടാണ് കണക്കാക്കപ്പെടുന്നത്.
എസ്റ്റോണിയയുടെ പെർമനന്റ് റസിഡൻസിനുള്ള പെർമിറ്റ് ലഭിക്കുന്നതിലൂടെ വിദേശികൾക്ക് യൂറോയിൽ വരുമാനം നേടാനും അനിശ്ചിത കാലത്തേക്ക് രാജ്യത്ത് താമസിക്കാനുമുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നത്. സൗഹൃദപരമായ അന്തരീക്ഷത്തിൽ രാജ്യത്ത് താമസിക്കാനും, ജോലി ചെയ്യാനും, തൊഴിൽപരമായ ലക്ഷ്യങ്ങൾ നേടാനും ഇന്ത്യക്കാർക്ക് അവസരമൊരുക്കും ഇത് എങ്ങനെയെന്ന് നോക്കാം.
സ്ഥിരമായി എസ്റ്റോണിയയിൽ താമസിക്കാൻ അവസരം ലഭിക്കുന്ന ഈയൊരു പെർമിറ്റിന് ഒട്ടേറെ സവിശേഷതകളുണ്ട്. എങ്കിലും നമ്മൾ ഇന്ത്യക്കാർ ഇതിന് അപേക്ഷിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. ഒരാൾക്ക് ഇവിടെ സ്ഥിരമായി താമസിക്കാൻ അപേക്ഷിക്കണമെങ്കിൽ, അതിനു മുമ്പ് അയാൾക്ക് കിട്ടിയ താൽക്കാലിക റസിഡന്റ് പെർമിറ്റ് ഉപയോഗിച്ച് എസ്റ്റോണിയയിൽ തുടർച്ചയായി അഞ്ച് വർഷം താമസിച്ചിരിക്കണം. അതായത്, തുടക്കത്തിൽ താമസം താൽക്കാലികമായിട്ടാണ് തുടങ്ങേണ്ടത്. അതിനു ശേഷമേ സ്ഥിരമാക്കാൻ കഴിയുകയുള്ളു.
ഈ കാലയളവിൽ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് 12 മാസത്തിൽ കൂടുതലും, എസ്റ്റോണിയയിൽ നിന്ന് ആകെ 10 വർഷത്തിൽ കൂടുതലും വിട്ടുനിൽക്കാൻ പാടില്ല.
അപേക്ഷകന്റെ താമസസ്ഥലം എസ്റ്റോണിയൻ പോപ്പുലേഷൻ രജിസ്റ്ററിൽ രജിസ്റ്റർ ചെയ്തിരിക്കണം. രാജ്യവുമായി ചേർന്നു ജീവിക്കാൻ വേണ്ട ഭാഷാ പരിജ്ഞാനം തെളിയിക്കണം. കുറഞ്ഞത് ബി വൺ ലെവൽ വരെയെങ്കിലും എസ്റ്റോണിയൻ ഭാഷ സംസാരിക്കാൻ അറിയണം. കൂടാതെ എസ്റ്റോണിയൻ ഹെൽത്ത് ഇൻഷുറൻസ് ഫണ്ടിൽ നിന്നുള്ള ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം.
ചട്ടങ്ങൾ പ്രകാരം, 15 വയസ്സിന് താഴെയുള്ള അപേക്ഷകർക്കോ, മുൻ എസ്റ്റോണിയൻ പൗരന്മാർക്കോ, യൂറോപ്യൻ യൂണിയൻ ബ്ലൂ കാർഡ് ഉടമകൾക്കോ, 1990ജൂലായ് ഒന്നിന് മുമ്പ് എസ്റ്റോണിയയിൽ സ്ഥിരതാമസമാക്കിയ വ്യക്തികൾക്കോ പ്രത്യേക വ്യവസ്ഥകൾ ബാധകമാണ്.
താൽക്കാലിക റസിഡൻസ് പെർമിറ്റ് എടുത്തശേഷം എസ്റ്റോണിയയിൽ തുടർച്ചയായി അഞ്ച് വർഷം താമസിക്കുകയെന്നതാണ് സ്ഥിരതാമസത്തിനു വേണ്ടിയുളള ആദ്യ പടി. പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം പാസ്‌പോർട്ട്, വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, താമസം അനുവദിച്ച പഴയ രേഖകൾ, ഫോട്ടോകൾ, ഫീസ് അടച്ച രസീതുകൾ, നിങ്ങളുടെ ആവശ്യം തെളിയിക്കുന്ന മറ്റ് സഹായ രേഖകൾ എന്നിവയെല്ലാം തയ്യാറാക്കി വയ്ക്കണം.
തയ്യാറാക്കിയ അപേക്ഷാ ഫോമും രേഖകളുമായി എസ്റ്റോണിയൻ എംബസിയിൽ നേരിട്ട് സമർപ്പിക്കണം. അപേക്ഷയ്ക്ക് ആവശ്യമായ 185 യൂറോ (19,323 രൂപ) ഫീസ് കൊടുക്കണം. അപേക്ഷ അംഗീകരിച്ചാൽ പെർമനന്റ് റസിഡന്റിനുള്ള പെർമിറ്റ് കാർഡ് ലഭിക്കും.