health

സ്ത്രീകളില്‍ കൂടുതലായി കാണുന്ന രോഗമാണ് സ്തനാര്‍ബുദം. തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാനും ചികിത്സിക്കാനും സാധിച്ചാല്‍ ഭേദമാക്കാൻ സാധിക്കുന്ന രോഗം കൂടിയാണിത്. ഈ രോഗത്തിന്റെ ചികിത്സയുടെ ഭാഗമായി മാറിടം മുഴുവനായോ ഭാഗികമായോ നീക്കം ചെയ്യേണ്ടി വരാം. അങ്ങനെ നീക്കം ചെയ്തതിനു ശേഷം ശിഷ്ടകാലം padded bra ധരിച്ച് നടക്കേണ്ടി വരുന്നത് സാധാരണമാണ്. എന്നാല്‍ മാറ് പുനര്‍നിര്‍മ്മിക്കാവുന്ന ശസ്ത്രക്രിയകള്‍ ഉണ്ട്.


എന്തിനാണ് മാറ് പുനര്‍നിര്‍മ്മിക്കുന്നത്?

സ്തനാര്‍ബുദം സാധാരണയായി കാണുന്നത് മാറിലെ മുഴകളായിട്ടാണ്. അതിന്റെ ചികിത്സ മുഴ മാത്രം നീക്കം ചെയ്യുന്നതല്ല. മറിച്ച് മുഴയുടെ ചുറ്റുമുള്ള മാറിന്റെ ഭാഗമോ (breast conservation surgery) അല്ലെങ്കില്‍ ആ വശത്തെ മാറ് മുഴുവനായോ നീക്കം ചെയ്യേണ്ടി വരും (mastectomy). അതേത്തുടര്‍ന്ന് ഇരുവശങ്ങളിലെ മാറുകള്‍ തമ്മില്‍ വലുപ്പ വ്യത്യാസവും അഭംഗിയും ഉണ്ടാകാം.


എങ്ങനെയാണ് മാറ് പുനര്‍നിര്‍മ്മിക്കുന്നത്?

ശരീരത്തിന്റെ മറ്റ് ഏതെങ്കിലും ഭാഗത്ത് നിന്ന് ദശയെടുത്ത് മാറിന്റെ ഭാഗത്ത് വച്ച് ശസ്ത്രക്രിയ ചെയ്താണ് മാറുകള്‍ പുനര്‍നിര്‍മ്മിക്കുന്നത്. എത്രമാത്രം മാറ് നീക്കം ചെയ്തിട്ടുണ്ട് എന്നതിനനുസരിച്ചാണ് ശരീരത്തിന്റെ ഏത് ഭാഗത്തു നിന്നാണ് ദശ നീക്കി വയ്‌ക്കേണ്ടത് എന്ന് തീരുമാനിക്കുന്നത്.


മുഴയും മുഴയുടെ ചുറ്റുമുള്ള മാറും മാത്രമാണ് നീക്കം ചെയ്യുന്നത് എങ്കില്‍ (ബ്രസ്റ്റ് കണ്‍സര്‍വേഷന്‍ സര്‍ജറി), ശരീരത്തിന്റെ പുറംഭാഗത്ത് നിന്ന് ദശ നീക്കി മാറിലേക്ക് വച്ച് മാറിന്റെ വലുപ്പം പഴയപടി ആക്കാവുന്നതാണ്.


ഒരു വശത്തെ മാറ് മുഴുവനായി നീക്കം ചെയ്യണമെന്നുണ്ടെങ്കില്‍ അത് പുനര്‍നിര്‍മ്മിക്കാന്‍ കൂടുതല്‍ ദശ വേണ്ടിവരും. ഇതിനായി വയറിലെ ദശ എടുത്ത് വയറല്‍ നിന്നും രക്തക്കുഴലോടു കൂടി അത് പൂര്‍ണ്ണമായി വേര്‍പെടുത്തി മാറിന്റെ ഭാഗത്ത് വച്ചു പിടിപ്പിച്ച് രക്തക്കുഴലുകള്‍ തമ്മില്‍ തുന്നി ചേര്‍ക്കുന്നു.

സാധാരണയായി വയറില്‍ നിന്നാണ് ദശയെടുക്കുന്നത് എങ്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളായ തുടയില്‍ നിന്നും പുറംഭാഗത്തു നിന്നും ദശ എടുക്കാന്‍ സാധിക്കും. ദശ എടുത്തു വയ്ക്കുന്നതിന് പകരം ശരീരത്തിന്റെ പുറംഭാഗത്തു നിന്നും പേശി എടുത്തു വച്ചിട്ട് അതിന്റെ അടിയിലായി ബ്രസ്റ്റ് ഇമ്പ്‌ലാന്റുകള്‍ നിക്ഷേപിച്ചും മാറ് പുനര്‍നിര്‍മ്മിക്കാവുന്നതാണ്.


അസുഖം ബാധിക്കാത്ത മറുവശത്തെ മാറ് ഒരുപാട് വലുപ്പമുള്ളതും തൂങ്ങിപ്പോയതും ആണെങ്കില്‍ അതിനെ പുനര്‍നിര്‍മ്മിക്കുന്നതിനായി ബ്രസ്റ്റ് റിഡക്ഷന്‍ സര്‍ജറി ചെയ്യാന്‍ സാധിക്കും. അതായത് അസുഖമുള്ള വശത്ത് ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറിയും അസുഖമില്ലാത്ത വശത്ത് ബ്രസ്റ്റ് റിഡക്ഷന്‍ സര്‍ജറിയും ഒരേസമയം ചെയ്യാന്‍ സാധിക്കും.


എപ്പോഴാണ് മാറ് പുനര്‍നിര്‍മ്മാണ ശസ്ത്രക്രിയ ചെയ്യുന്നത്?

കാന്‍സറിനെ തുടര്‍ന്ന് മാറ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അതിനോടൊപ്പം തന്നെ ദശയെടുത്ത് വയ്ക്കുന്ന ശസ്ത്രക്രിയയും ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ മുറിവ് ഉണങ്ങിയതിനുശേഷമേ കീമോതെറാപ്പി ആവശ്യമാണെങ്കില്‍ അത് തുടങ്ങാനാകൂ. മാറ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചെയ്ത് കീമോ റേഡിയേഷന്‍ മുതലായവ എല്ലാം പൂര്‍ത്തീകരിച്ചതിനുശേഷവും ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറി എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്നതാണ്.


ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറിയുടെ പ്രാധാന്യം എന്താണ്?

മാറില്‍ മുഴ കണ്ടു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പോകാതെ ഇരിക്കുന്ന കുറേയധികം സ്ത്രീകള്‍ നമുക്കിടയിലുണ്ട്. മാറ് നീക്കം ചെയ്താല്‍ അതില്ലാതെ ജീവിക്കുന്നതാലോചിച്ച് ചികിത്സ വേണ്ടെന്ന് വയ്ക്കുന്ന സ്ത്രീകളുമുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ചികിത്സ തേടാന്‍ പ്രചോദനമാകുന്ന ഒരു കാര്യമാണ് ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറി.

Dr. Lisha N. P.
Plastic and Reconstructive Surgeon
SUT Hospital, Pattom