
ഹാംഷെയർ: കൃത്യസമയത്ത് ഭക്ഷണം കിട്ടിയില്ലെങ്കിലുള്ള അവസ്ഥ ഒന്നു ആലോചിച്ചു നോക്കൂ. എന്നാൽ വിശക്കുമ്പോൾ മൂന്ന് നേരം നിങ്ങൾക്ക് ലഭിക്കുന്നത് കടലാസ് ഷീറ്റുകളാണെങ്കിലോ. കേൾക്കുമ്പോൾ വിചിത്രമാണെന്ന് തോന്നുമെങ്കിലും മൂന്ന് നേരം കടലാസ് ഷീറ്റ് കഴിക്കുന്ന യുവതിയുടെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹാംഷെയറിൽ നിന്നുള്ള 34കാരിയായ യാസ് ചാപ്മാനാണ് ഈ വിചിത്രമായ രോഗാവസ്ഥ ബാധിച്ചിരിക്കുന്നത്.
പ്രതിദിനം പത്ത് കടലാസ് ഷീറ്റുകളാണ് യുവതി കഴിക്കുന്നത്. 2015ൽ ആദ്യത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുമ്പോഴാണ് ചാപ്മാന്റെ ആദ്യ കടലാസ് തീറ്റ. പേപ്പർ മടക്കി സ്‌ട്രിപ്പുകളായി കീറി ചവച്ച് കഴിക്കും. പക്ഷേ, ഈ ഭക്ഷണശീലങ്ങൾ പൂർണ്ണമായും പുതിയതല്ല. നാലാം വയസ്സിലാണ് ചാപ്മാന് പിക്ക എന്ന ഈ രോഗം കണ്ടെത്തിയത്. ഈ രോഗാവസ്ഥ കാരണം ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളോട് അതിയായ ആഗ്രഹം തോന്നും. മധുരപലഹാരങ്ങൾ ഇഷ്ടപ്പെടുന്ന ഒരാൾ ചോക്ലേറ്റ് കൊതിക്കുന്നതുപോലെ കടലാസ് കഴിക്കാൻ ഈ അവസ്ഥ കാരണമാകുമെന്നും അത് കഴിക്കുന്നത് അതേ സംതൃപ്തി നൽകുമെന്നും യുവതി പറഞ്ഞു.
'എല്ലാ ദിവസവും രാവിലെ പോസ്റ്റ്മാന്റെ വരവിനായി കാത്തിരിക്കും. അയാൾ എത്തിക്കുന്ന കത്തുകൾ വിഴുങ്ങാനാണ് ഈ കാത്തിരിപ്പ്. എന്നാൽ എല്ലാ പേപ്പറുകളും കഴിക്കാൻ തോന്നില്ല. ചില പേപ്പറുകളുടെ രുചിയും ഘടനയും വ്യത്യസ്തമായിരിക്കും. അത് പരീക്ഷിക്കാൻ വേണ്ടി ഒരു മൂല കീറിയെടുക്കും. ചിലത് വളരെ തിളക്കമുള്ളതും, കട്ടിയുള്ളതും, മഷി കൂടുതലാണെങ്കിൽ വ്യത്യസ്‌ത രുചിയുമുണ്ടാകും. പക്ഷേ ടൈപ്പ് ചെയ്ത കത്താണെങ്കിൽ ഞാൻ അത് എന്തായാലും കഴിക്കും.'- യുവതി പറഞ്ഞു.
ഭക്ഷ്യയോഗ്യമായവ പരീക്ഷിച്ച് നോക്കിയിട്ടുണ്ടെങ്കിലും ഭക്ഷ്യയോഗ്യമല്ലാത്ത ഇനങ്ങൾ മാത്രമാണ് ചാപ്മാന്റെ പിക്കാ ആസക്തിയെ ലഘൂകരിച്ചിരുന്നത്. ഗർഭിണിയായിരിക്കുമ്പോൾ തനിക്കോ കുഞ്ഞിനോ ദോഷകരമാകുമോ എന്ന ചിന്ത ഉണ്ടായിരുന്നതിനാൽ എപ്പോഴും പേപ്പറുകളിലെ ചേരുവകൾ നോക്കിയിരുന്നു.
നാല് വയസുള്ളപ്പോൾ പാക്കേജിംഗിലെ ഈർപ്പം തടയാൻ ഉപയോഗിക്കുന്ന ടാൽക്കം പൗഡർ, ചോക്ക്, സിലിക്ക ജെൽ ബോളുകൾ എന്നിവ കഴിച്ചാണ് ചാപ്മാന്റെ പിക്കാ ആസക്തി തുടങ്ങുന്നത്. പോളിഫില്ലർ, സിഗരറ്റ് റോളിംഗ് പേപ്പറുകൾ, ഡെന്റൽ സ്റ്റോൺ എന്നിവയും പതിവായി കഴിച്ചിരുന്നു.
തനിക്ക് ഓട്ടിസം ഉണ്ടോ എന്ന് കണ്ടെത്താൻ പരിശോധനയ്‌ക്ക് കാത്തിരിക്കുകയാണ് ചാപ്മാൻ. പിക്ക അനുഭവിക്കുന്ന ആളുകൾക്ക് പലപ്പോഴും ഓട്ടിസം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പിക്ക രോഗത്തിന്റെ കാരണങ്ങൾ വ്യക്തമല്ല. എന്നാൽ ചില അവസ്ഥകൾ ഒരു കുട്ടികൾക്കോ മുതിർന്നവർക്കോ പിക്ക ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. പഠന വൈകല്യങ്ങൾ, ഇരുമ്പിന്റെയോ സിങ്കിന്റെയോ കുറവുള്ള ഭക്ഷണക്രമം, ഗർഭധാരണം എന്നിവയാണ് മറ്റ് ഘടകങ്ങൾ.