cricket

ഗുവാഹത്തി: വനിതകളുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. മഴ കാരണം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ദീപ്തി ശര്‍മ്മ, അമന്‍ജോത് കൗര്‍ എന്നിവരുടെ പ്രകടനങ്ങളാണ് ഇന്ത്യയെ 124ന് ആറ് എന്ന നിലയില്‍ നിന്ന് മികച്ച സ്‌കോറിലേക്ക് നയിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് സൂപ്പര്‍താരം സ്മൃതി മന്ദാനയുടെ വിക്കറ്റ് 8(10) ആണ് ആദ്യം നഷ്ടമായത്. ഉദേശിക പ്രബോധിനിക്കാണ് സ്മൃതിയുടെ വിക്കറ്റ് ലഭിച്ചത്. രണ്ടാം വിക്കറ്റില്‍ ഓപ്പണര്‍ പ്രതിക റാവല്‍ 37(59), ഹര്‍ലീന്‍ ഡിയോള്‍ 48(64) സഖ്യം 67 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പ്രതിക പുറത്തായതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. പിന്നീട് ഹാര്‍ലീന്‍ ഡിയോള്‍, ജെമീമ റോഡ്രിഗ്‌സ് 0(1), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 21(19), വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് 2(6) എന്നിവര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ 120ന് രണ്ട് എന്ന നിലയില്‍ നിന്ന് 124ന് ആറ് എന്ന നിലയിലേക്ക് ഇന്ത്യന്‍ സ്‌കോര്‍ വീണു.

ഏഴാം വിക്കറ്റില്‍ ദീപ്തി ശര്‍മ്മ 53(53), അമന്‍ജോത് കൗര്‍ 57(56) സഖ്യം നേടിയ 103 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സ്‌നേഹ് റാണ 15 പന്തുകളില്‍ നിന്ന് 28 റണ്‍സ് നേടി അവസാന ഓവറുകളില്‍ റണ്‍ നിരക്ക് ഉയര്‍ത്തി. ശ്രീലങ്കയ്ക്ക് വേണ്ടി ഇനോക രണവീര നാല് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. ഉദേശിക പ്രബോധിനിക്ക് രണ്ട് വിക്കറ്റ് കിട്ടയപ്പോള്‍ അച്ചിനി കുലസൂര്യക്കും ചമാരി അട്ടപ്പട്ടുവിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.