
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി. അന്വേഷണത്തിൽ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ കഴിഞ്ഞിറങ്ങിയ മദ്ധ്യവയസ്‌കനെ പിടികൂടി. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പൊലീസ് കൺട്രോൾ റൂം നമ്പറിൽ റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാതന്റെ ഫോൺ സന്ദേശമെത്തുന്നത്. ബോംബ് സ്‌ക്വാഡ്,ഡോഗ് സ്‌ക്വാഡ്,റെയിൽവേ പൊലീസ്,ആർ.പി.എഫ് എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേഷനിലും പരിസരത്തും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെയാണ് ഫോൺ വിളിച്ച ചപ്പാരപ്പടവ് സ്വദേശിയെ ആലക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബന്ധുവിന്റെ പേരിലെടുത്ത സിം ഉപയോഗിച്ചാണ് ഇയാൾ ബോംബ് ഭീഷണി മുഴക്കിയതെന്നും പൊലീസ് പറഞ്ഞു. ഇയാളെ പിന്നീട് വിട്ടയച്ചു. നാല് മണിക്കൂറോളം ബോംബ്ഭീഷണി സ്റ്റേഷനിൽ പരിഭ്രാന്തി പടർത്തി. അന്വേഷണം തുടരുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച കണ്ണൂരിലെ സൈനിക കേന്ദ്രം ഡി.എസ്.സി സെന്ററിലെ റെക്കാർഡ് വിഭാഗം സ്ഫോടനത്തിലൂടെ തകർക്കുമെന്ന് അജ്ഞാത ഇ മെയിൽ സന്ദേശമുണ്ടായിരുന്നു.