
ഒരുവര്‍ഷത്തിനുള്ളില്‍ ലാന്‍ഡ് പൂളിംഗ് പൂര്‍ത്തിയാകും
കൊച്ചി: ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടത്തിനായി ലാന്‍ഡ് പൂളിംഗിലൂടെ 300 ഏക്കര്‍ സ്ഥലം കണ്ടെത്തി മൂന്നു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ലാന്‍ഡ് പൂളിംഗ് പൂര്‍ത്തിയാക്കും. ലാന്‍ഡ് പൂളിംഗിനായി വിശാലകൊച്ചി വികസന അതോറിറ്റിയും(ജി.സി.ഡി.എ) ഇന്‍ഫോപാര്‍ക്കും ധാരണാപത്രം ഒപ്പുവച്ചു.
സാദ്ധ്യത പഠനം, പ്രാഥമിക സര്‍വേ, മാസ്റ്റര്‍ പ്ലാനിംഗ്, വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ എന്നിവ തയ്യാറാക്കുമെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ളയും ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരുവര്‍ഷത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമ പഞ്ചായത്തുകളിലായി നിര്‍ദ്ദേശിച്ചിട്ടുള്ള ഭൂമിയിലെ 75 ശതമാനം ഉടമസ്ഥരുടെ അംഗീകാരം നേടേണ്ടതുണ്ട്. ഭൂവുടമകളെ പദ്ധതിയുടെ നേട്ടങ്ങള്‍ ബോദ്ധ്യപ്പെടുത്തും. ഇന്റഗ്രേറ്റഡ് എ.ഐ ടൗണ്‍ഷിപ്പ് എന്ന പദ്ധതിയ്ക്കായി 300 മുതല്‍ 600 ഏക്കര്‍ വരെ സ്ഥലമാണ് വേണ്ടത്. ആഗോള ടെക് ഭീമന്‍മാരെയും ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളെയും(ജി.സി.സി) പാര്‍ക്കിലേക്ക് ആകര്‍ഷിക്കും. ലാന്‍ഡ് പൂളിംഗിലൂടെ മൂന്നാംഘട്ടത്തില്‍ ഐ.ടി ടൗണ്‍ഷിപ്പ് വികസിപ്പിക്കുമെന്ന് 'കേരളകൗമുദി' കഴിഞ്ഞ 19ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലാന്‍ഡ് പൂളിംഗ്
സ്വകാര്യ ഉടമകളുടെ ചെറിയ സ്ഥലങ്ങള്‍ ഒരുമിപ്പിച്ച് വലിയ പ്ലോട്ടാക്കി മാറ്റും. അതില്‍ റോഡുകള്‍, ഐ.ടി പാര്‍ക്കുകള്‍, പൊതുസൗകര്യങ്ങള്‍ എന്നിവ വികസിപ്പിക്കും. വികസിപ്പിച്ച ഭൂമിയുടെ ഒരുഭാഗം അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഉപയോഗിക്കും. ബാക്കി മൂല്യവര്‍ദ്ധനയോടെ ഭൂവുടമകള്‍ക്ക് തിരികെ നല്‍കും.
ഇന്റഗ്രേറ്റഡ് എ.ഐ ടൗണ്‍ഷിപ്പ്
നിക്ഷേപം 25,000 കോടി രൂപ
നേരിട്ട് തൊഴില്‍ 2 ലക്ഷം
പരോക്ഷ തൊഴില്‍ 4 ലക്ഷം
ഐ.ടി കെട്ടിടങ്ങള്‍ 100 ഏക്കറില്‍
സംയോജിത ടൗണ്‍ഷിപ്പ്
പാര്‍പ്പിട സൗകര്യങ്ങള്‍
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
കായിക, സാംസ്‌ക്കാരിക സംവിധാനങ്ങള്‍
ഷോപ്പിംഗ് മാളുകള്‍, ആംഫി തിയേറ്റര്‍
ആധുനിക ആശുപത്രി
തുറസായ പ്രദേശങ്ങള്‍
ലാന്‍ഡ് പൂളിംഗിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കും.- കെ. ചന്ദ്രന്‍പിള്ള, ചെയര്‍മാന്‍, ജി.സി.ഡി.എ
സമ്പൂര്‍ണ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ടിത ഐ.ടി ടൗണ്‍ഷിപ്പാണ് മൂന്നാം ഘട്ടത്തില്‍ ഒരുക്കുക.- സുശാന്ത് കുറുന്തില്‍, സി.ഇ.ഒ., ഇന്‍ഫോപാര്‍ക്ക്