മലപ്പുറം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷം സെപ്തംബർ നാല് മുതൽ ഒമ്പത് വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കും. വാരാഘോഷത്തിന്റെ ഉദ്ഘാടനം നാലിന് വൈകിട്ട് ആറിന് കോട്ടക്കുന്നിൽ കായിക മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും. പി.ഉബൈദുള്ള എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആറ് ദിവസങ്ങളിലും മലപ്പുറം കോട്ടക്കുന്ന് ഓപ്പൺ ഓഡിറ്റോറിയത്തിൽ വ്യത്യസ്ത കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസമായ നാലിന് വൈകിട്ട് ഏഴിന് മ്യൂസിക് ലൈവ് . അഞ്ചിന് ഷാഫി കൊല്ലം, ശ്വേത അശോക് എന്നിവരുടെ മ്യൂസിക് നൈറ്റും ആറിന് സമീർ ബിൻസി, ഇമാം എന്നിവർ അവതരിപ്പിക്കുന്ന സൂഫി സംഗീതവും ഏഴിന് ബാപ്പു വെള്ളിപ്പറമ്പിന്റെയും സംഘത്തിന്റെയും ഇശൽ നൈറ്റും അരങ്ങേറും. എട്ടിന് പിന്നണി ഗായകൻ അതുൽ നറുകരയുടെ ' സോൾ ഓഫ് ഫോക്' , ഒമ്പതിന് രഞ്ജിനി ജോസിന്റെയും സംഘത്തിന്റെയും മ്യൂസിക് ഈവ് എന്നിവ അരങ്ങേറും.