മലപ്പുറം: ജില്ലയിലെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെ വിൽപ്പനയിൽ വർദ്ധനവ്. ജൂലായ് മാസത്തെ അപേക്ഷിച്ച് കൂടുതൽ പേരാണ് ആഗസ്റ്റിൽ സപ്ലൈകോയിലെത്തിയത്. 18.76 കോടിയുടെ വിറ്റുവരവാണ് ആഗസ്റ്റിൽ രേഖപ്പെടുത്തിയത്. ജൂലായിൽ 11.29 കോടിയുടെ വിറ്റുവരവാണ് ഉണ്ടായത്. ഓണക്കാലമായതിനാൽ സെപ്തംബർ മാസം കൂടുതൽ വിറ്റുവരവ് ഉണ്ടാകും.
നിലമ്പൂർ ഡിപ്പോയിലാണ് ആഗസ്റ്റിൽ ഏറ്റവും കൂടുതൽ വിറ്റുവരവ്, 3.56 കോടി. ജൂലായിൽ ഇത് 2.13 കോടി ആയിരുന്നു. കുറവ് വിറ്റുവരവ് പൊന്നാനി ഡിപ്പോയിലാണ്, 1.95 കോടി. ജൂലായിൽ 1.16 കോടി ആയിരുന്നു.

സപ്ലൈകോയിൽ 13 ഇന അവശ്യ സാധനങ്ങൾ സബ്‌സിഡി നിരക്കിലും ബാക്കിയുള്ളവ പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിലുമാണ് വിൽപ്പന നടത്തുന്നത്. സപ്ലൈകോയുടെ പ്രത്യേക ഓണം വിപണന മേളയിലേക്കും നിരവധി പേർ എത്തിയിരുന്നു.
ഓണത്തിന് സപ്ലൈകോയുടെ നേതൃത്വത്തിൽ ജില്ലയിൽ 11 ഓണച്ചന്തകളാണ് ഒരുങ്ങിയത്. മഞ്ഞക്കാർഡുകാർക്ക് തുണി സഞ്ചി ഉൾപ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റ് സൗജന്യമായി ലഭ്യമാക്കിയിരുന്നു. ആഗസ്റ്റ് 26ന് ആരംഭിച്ച ഓണച്ചന്ത ഈ മാസം നാലിനാണ് അവസാനിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി സപ്ളൈകോ ഗിഫ്റ്റ് കാർഡുകളും കിറ്റുകളും പുറത്തിറക്കിയിരുന്നു. 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ ഉൾപ്പെടുന്ന സമൃദ്ധി മിനി കിറ്റ്, ഒമ്പത് ശബരി ഉല്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ് എന്നിവയാണെത്തിയത്.

നിലവിൽ സബ്‌സിഡി സാധനങ്ങളിൽ വെളിച്ചെണ്ണയാണ് സപ്ലൈകോയിൽ ലഭ്യമല്ലാത്തത്. വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയർന്നതോടെയാണ് സപ്ലൈകോയിൽ നിന്നും വെളിച്ചെണ്ണ അപ്രത്യക്ഷമായത്.

സപ്ലൈകോ ഡിപ്പോകൾക്ക് കീഴിലെ വിറ്റുവരവ് (കോടിയിൽ)

ഡിപ്പോ ജൂലായ് ആഗസ്ത്

നിലമ്പൂർ---2.13-----3.56
മഞ്ചേരി----1.77----3.52
പെരിന്തൽമണ്ണ---2.19---3.50
തിരൂർ---2.04---3.23
തിരൂരങ്ങാടി--2---3
പൊന്നാനി---1.16---1.95