കാളികാവ്: അമ്പത് വർഷം മുമ്പ് മലമുകളിൽ നാട്ടുകാർ നിർമ്മിച്ച ഒരു തപാലാപ്പീസ് ഇന്നും കൗതുക കാഴ്ചയാണ്. ആളും ആരവവും ഇല്ലെങ്കിലും ഇന്നും പ്രവർത്തിക്കുന്നു.
സമുദ്രനിരപ്പിൽ നിന്ന് 1500 അടിയോളം ഉയരത്തിൽ കാളികാവ് അടക്കാക്കുണ്ട് മലവാരത്തിൽ എഴുപതേക്കറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.നാട്ടുകാർ കാശ് മുടക്കി പൂർണ്ണമായും കരിങ്കല്ലിൽ പണിത തപാലാപ്പീസിന് പോയ കാലത്തിന്റെ പ്രതാപമാണ് പറയാനുള്ളത്.
1960കളിൽ മലയോര കർഷകരുടെ കുടിയേറ്റം തുടങ്ങിയതുമുതലാണ് എഴുപതേക്കറിൽ ജനവാസം തുടങ്ങുന്നത്.1980 കാലമായപ്പോൾ മലയോരത്ത് ജനവാസം വ്യാപകമായി. കാളികാവ് പോസ്റ്റ് ഓഫീസിൽ നിന്ന് ഇവിടേക്ക് കത്തുകളും കമ്പികളുമെത്താൻ വളരെ പ്രയാസമായി. വാഹന സൗകര്യമില്ലാത്തതായിരുന്നു കാരണം.ഇക്കാലത്താണ് നാട്ടുകാർ മുന്നിട്ടിറങ്ങി ഈ തപാലാപ്പീസ് നിർമ്മിച്ചത്.
ഇന്ന് കത്തുകളും കമ്പികളും പേരിനുപോലുമില്ലെങ്കിലും ആപ്പീസിന്റെ പ്രവർത്തനം ഇന്നു വരെ മുടങ്ങിയിട്ടില്ല.
ബ്രാഞ്ച് പോസ്റ്റുമാസ്റ്ററും ഒരു അസിസ്റ്റന്റും മെയിൽ കാരിയറുമുൾപ്പെടെ മൂന്നു ജീവനക്കാർ ഇവിടെയുണ്ട്.കാളികാവ് ടൗണിൽ നിന്ന് അഞ്ചു കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. കടുവയും പുലിയും കാട്ടാനയും മേയുന്ന ഈ മലമുകളിൽ കൃഷിയും ജനവാസവും കൊണ്ടുവന്ന കുടിയേറ്റകർഷകരാണ് തപ്പാലാപ്പീസിന്റെ നിർമ്മാതാക്കൾ.