മലപ്പുറം: ഒരു വ്യക്തിയ്ക്ക് ഒരു ഹെൽത്ത് റെക്കോർഡ് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇ-ഹെൽത്ത് പദ്ധതി

ജില്ലയിൽ നടപ്പിലാക്കിയത് 95 ആശുപത്രികളിൽ. സംസ്ഥാനത്ത് ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കിയ ആശുപത്രികളിൽ മലപ്പുറം ജില്ല രണ്ടാം സ്ഥാനത്താണ്. തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആഗസ്റ്റ് 30ന് ഇ-ഹെൽത്ത് ആരംഭിച്ചതാണ് ജില്ലയിൽ അവസാനം നടപ്പിലാക്കിയത്.

ജില്ലയിൽ 37.93 ലക്ഷം പേരാണ് പദ്ധതിയിൽ സ്ഥിര രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് 2.62 കോടി ജനങ്ങളും സ്ഥിര രജിസ്ട്രേഷൻ ചെയ്തു. ആറ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങൾ, മൂന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, മൂന്ന് ജില്ലാ ആശുപത്രികൾ, 55 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ പബ്ലിക് ഹെൽത്ത് ലബോറട്ടറി, മഞ്ചേരി ടി.ബി സെന്റർ, 17 അർബൻ ഫാമിലി ഹെൽത്ത് സെന്ററുകൾ, മഞ്ചേരി മെഡിക്കൽ കോളേജ്, പൊന്നാനി വുമൺ ആൻഡ് ചിൽഡ്രൻസ് ആശുപത്രി, മൂന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ഏഴ് താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലാണ് ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്.

രോഗിയുടെ മുൻകാല രോഗങ്ങൾ, ലഭിച്ച ചികിത്സ, ഓപ്പറേഷൻ നടത്തിയതാണോ തുടങ്ങിയ എല്ലാ കാര്യങ്ങളും യു.എച്ച്.ഐ.ഡി നൽകുന്നതോടെ കമ്പ്യൂട്ടറിൽ ലഭ്യമാവും. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇ-ഹെൽത്ത് സേവനം കൂടുതൽ പേർ ഉപയോഗിക്കുന്നത്.

ഇ-ഹെൽത്ത് നടപ്പിലാക്കിയത് - 95 ആശുപത്രി

ജില്ലയിൽ സ്ഥിര രജിസ്ട്രേഷൻ ചെയ്തവർ - 37.93 ലക്ഷം

പദ്ധതി മികച്ച രീതിയിൽ മുന്നോട്ട് പോവുന്നുണ്ട്. നേരത്തെ പലർക്കും പദ്ധതിയെ സംബന്ധിച്ച കൃത്യമായ അവബോധം ഉണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്.

മുഹമ്മദ് ഫാറൂഖ്, ഇ-ഹെൽത്ത് ജില്ലാ പ്രൊജക്ട് എൻജിനീയർ