ചോക്കാട്: ചോക്കാട് ഹോമിയോ ഡിസ്‌പെൻസറിക്ക് മോക്ഷമായില്ല. പ്രാദേശിക വാദവും രാഷ്ട്രീയ ചേരിപ്പോരും കാരണം ഹോമിയോ ഡിസ്പൻസറി ഇപ്പോഴും വാടക കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. പ്രവാസികൾ ഹോമിയോ ഡിസ്പൻസറിക്ക് സൗജന്യമായി ഭൂമി വാങ്ങി നൽകിയിരുന്നു. ചോക്കാട് പഞ്ചായത്ത് കെട്ടിട നിർമ്മാണത്തിന് ഫണ്ടും അനുവദിച്ചു.കെട്ടിട നിർമ്മാണത്തിനായി എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 35 ലക്ഷവും പഞ്ചായത്ത് ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷവും അനുവദിക്കുകയും ചെയ്തു. മമ്പാട്ടുമൂല പ്രവാസി ചാരിറ്റി കൂട്ടായ്മയാണ് ഏഴു സെന്റ് സ്ഥലം വാങ്ങിക്കൊടുത്തത്. വസ്തു ഹോമിയൊ ഡിസ്പൻസറിയുടെ പേരിൽ റജിസ്റ്റർ ചെയ്യുകയും ചെയ്തു. പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളുടെയും അനുമതിയോടെയാണ് മമ്പാട്ടുമൂലയിലെ സ്ഥലം ഏറ്റെടുക്കാനും കെട്ടിടം പണിയാനും തീരുമാനിച്ചത്.ചോക്കാട് അങ്ങാടിയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡിസ്പൻസറി മാറ്റുന്നതിനെതിരെ പിന്നീടു ആളുകൾ രംഗത്ത് വരികയായിരുന്നു.

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോമിയോക്ക് വേണ്ടി എന്നാൽ മമ്പാട്ടുമൂലയിലെ സ്ഥലത്തിനു പകരം ചോക്കാട് അങ്ങാടിക്കു സമീപം മറുവിഭാഗം സ്ഥലം വാങ്ങിക്കൊടുത്തെങ്കിലും ഭൂമി നിലമായതിനാൽ കെട്ടിടം നിർമ്മിക്കാൻ നിയമ തടസ്സവും നേരിട്ടു.വിവാദങ്ങളും പ്രതിഷേധവും കൊഴുത്തതോടെ ഹോമിയൊ കെട്ടിട നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിലായി. ഹോമിയോയുടെ പേരിൽ റജിസ്റ്റർ ചെയ്ത സ്ഥലത്ത് മറ്റുവല്ല പൊതുസ്ഥാപനങ്ങൾ നിർമ്മിക്കണമെങ്കിലും നിയമ തടസ്സങ്ങളുണ്ടെന്ന് പ്രവാസി സംഘടനാ ചെയർമാൻ സലാം മമ്പാട്ടുമൂല പറഞ്ഞു.നാടിന്റെ നന്മക്കും ജനങ്ങളുടെ സൗകര്യത്തിനും വേണ്ടി പണം മുടക്കി വാങ്ങിക്കൊടുത്ത സ്ഥലം ചേരിപ്പോരിൽ കുടുങ്ങി മുടങ്ങിക്കിടക്കുന്നതിനെതിരെ പ്രവാസി സംഘടന നിയമ നടപടിയിലാണ്.