മലപ്പുറം: ചൂട് വർദ്ധിച്ചതും കോഴിത്തീറ്റ വില ഉയർന്നതും കോഴിക്കർഷകരെ പ്രതിസന്ധിയിലാക്കുന്നു. മൂന്ന് മാസത്തിനിടെ കോഴിത്തീറ്റയുടെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. വളരെയേറെ പ്രയാസപ്പെട്ടാണ് കോഴികളെ പരിചരിച്ച് പാകമാക്കി എടുക്കുന്നതെന്നും എന്നാൽ ഈ കഷ്ടപ്പാടിനപ്പുറം സാമ്പത്തിക നഷ്ടം കൂടി വരുന്നതോടെ പ്രവർത്തനം അവസാനിപ്പിക്കേണ്ട സ്ഥിതിയിലാണെന്നും ഫാമുടമകൾ പറയുന്നു. 1,000 കോഴികളുള്ള ഒരു ഫാമിലേക്ക് 72 ചാക്ക് കാലിത്തീറ്റയാണ് വേണ്ടത്. ശരാശരി വലിപ്പമുള്ള ഒരു കോഴിക്ക് വേണ്ടത് 3.5 കിലോ തീറ്റയാണ് വേണ്ടത്. 45 ദിവസം വരെയാണ് കോഴിയെ വളർത്തേണ്ടത്.
ജനിച്ച് 14 ദിവസം വരെ കോഴിക്കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന തീറ്റയായ പ്രീ സ്റ്റാർട്ടറിന്റെ വില 50 കിലോയ്ക്ക് നിലവിൽ 2,240 ആണ്. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇത് 1,900 ആയിരുന്നു. തുടർന്ന് നൽകേണ്ട തീറ്റയായ സ്റ്റാർട്ടറിന് 1,850ൽ നിന്നും വില 2,200 ആയിട്ടുണ്ട്. 25 ദിവസത്തിന് ശേഷം നൽകുന്ന ഫിനിഷറിന്റെ വില 1,800ൽ നിന്നും 2,000 ആയിട്ടുണ്ട്.
രോഗങ്ങൾ കാരണം കോഴികൾ ചാകുന്ന സാഹചര്യവുമുണ്ട്. കോഴികൾക്കുള്ള മരുന്ന്, വെള്ളം എന്നിവ വേറെയും. വലിയ ഫാമുകളിൽ തൊഴിലാളികൾക്കുള്ള കൂലിയും വലിയ ബാദ്ധ്യതയാണ്.
തിരിച്ചടിയാണ്...
കോഴി വളർത്തൽ മേഖലയിൽ നിലവിലുള്ള അശാസ്ത്രീയവും അന്യായവുമായ നിയമങ്ങളും ചട്ടങ്ങളും വലിയ തിരിച്ചടിയാണെന്നാണ് കോഴിക്കർഷകർ പറയുന്നത്. വലിയ കെട്ടിടങ്ങൾക്ക് ഏർപ്പെടുത്തുന്ന അതേ നികുതി തന്നെയാണ് ഷീറ്റിട്ടവ ആണെങ്കിൽക്കൂടി പൗൾട്രി ഫാമുകൾക്ക് ഈടാക്കുന്നത്. കൂടാതെ, 1,000 സ്‌ക്വയർ ഫീറ്റിന് മുകളിലുള്ള ഫാമുകൾക്ക് ഒറ്റത്തവണ ആഡംബര നികുതി നൽകണം. 5,000 കോഴികളുള്ള ഒരു ഫാമിന് 6,000 സ്‌ക്വയർ ഫീറ്റുണ്ടാകും. യഥാർത്ഥത്തിൽ 6,000 മുതൽ 10,000 കോഴികളുണ്ടെങ്കിലേ ഫാമുകളിൽ നിന്ന് ഒരു കുടുംബത്തിന് ഉപജീവനത്തിനുള്ള വരുമാനം ലഭിക്കൂ. ഇത്തരം നികുതികളെല്ലാം ഒഴിവാക്കി കൃഷിയുടെ പരിധിയിൽ ഉൾപ്പെടുത്തേണ്ടത് കോഴി കർഷകരുടെ വലിയ ആവശ്യമാണെന്നും ഇവർ പറയുന്നു.
കോഴിത്തീറ്റയുടെ വില (50 ചാക്ക്)
പ്രീ സ്റ്റാർട്ടർ - 2,240
സ്റ്റാർട്ടർ - 2,200
ഫിനിഷർ - 2,000