മലപ്പുറം :ജില്ലയിലെ ബാങ്ക് നിക്ഷേപത്തില്‍ കുറവ്. ജൂണില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 59621.12 കോടിയുടെ നിക്ഷേപമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാര്‍ച്ചില്‍ ഇത് 59985.85 കോടി ആയിരുന്നു ആയിരുന്നു. ജില്ലയിലെ മുന്‍ഗണനാ മേഖലയില്‍ 37 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. വായ്പാ അനുപാതം 69.23 ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇത് 68.11 ശതമാനം ആയിരുന്നു. ജില്ലയിലെ മൊത്തം വായ്പകള്‍ 41276 കോടിയാണ്. കഴിഞ്ഞ പാദത്തില്‍ 40853 കോടിയായിരുന്നു വായ്പ. മുന്‍ഗണനാ മേഖലയില്‍ 3634.14 കോടി രൂപയാണ് വായ്പയായി നല്‍കിയത്. കാര്‍ഷിക മേഖലയില്‍ 3504.81 കോടിയും ചെറുകിട വ്യവസായങ്ങള്‍ക്കായി 12.11 കോടിയും മറ്റു മുന്‍ഗണനാ മേഖലയില്‍ 117.22 കോടിയും വായ്പയായി നല്‍കിയിട്ടുണ്ട്.

ബാങ്കിംഗ് അവലോകനം

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്. ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്ത് പണം തട്ടുന്ന പ്രവണത ജില്ലയില്‍ അടുത്തായി കണ്ട് വരുന്നുണ്ട്. ഇത്തരം പ്രവണത തടയുന്നതിന് ബോധവത്കരണം ശക്തമാക്കണം. പ്രവാസികള്‍ ഏറെയുള്ള ജില്ലയില്‍ പുതിയ സംരംഭം തുടങ്ങുന്നതിന് ആവശ്യമായ സഹായം ബാങ്കുകള്‍ നല്‍കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം എല്‍.ഡി.ഒ.വി.എസ്. അഖില്‍, ലീഡ് ഡിസ്ട്രിക് മാനേജര്‍ അഞ്ജന ദേവ്. കാനറ ബാങ്ക് എ.ജി.എം. എം. പുലി സായ് കൃഷ്ണ, നബാര്‍ഡ് ഡി.ഡി.എം മുഹമ്മദ് റിയാസ്, ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ബാങ്കുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.