വണ്ടൂർ: കൗതുക കാഴ്ചയൊരുക്കി താറാവ് ഇനത്തിൽപ്പെട്ട തണ്ണീർത്തട പക്ഷിയും കുഞ്ഞുങ്ങളും. വണ്ടൂർ വാണിയമ്പലത്ത് രാജേഷ് ഫോട്ടോ സെന്ററിന് സമീപമാണ് ഇവയെ കണ്ടെത്തിയത്, സമീപമുള്ള കുറ്റിക്കാട്ടിലും കുളത്തിലുമാണ് നാല് കുഞ്ഞുങ്ങളും താറാവും കൗതുകജാഴ്ച ഒരുക്കിയത്. ചൂളം അടിക്കുന്നത് പോലെ ശബ്ദം ഉണ്ടാക്കുന്ന ഇവയ്ക്ക് 'ചൂളൻ എരണ്ട ( ഇന്ത്യൻ വിസിലിംഗ് ഡക്ക് ) എന്നാണ് പേര്. നല്ലവണ്ണം പറക്കാൻ കഴിയുന്ന ഇവയ്ക്ക് അഞ്ചു മുതൽ 10 കിലോമീറ്റർ വരെ ദൂരം ഇവർ ദേശാടനം ചെയ്യുന്നു. തണ്ണീർത്തടങ്ങളിലും പാടങ്ങളിലും ചില സമയങ്ങളിൽ ഇവയെ കാണാറുണ്ട്. കേരളത്തിൽ കൂടുതലായി കണ്ടു വരുന്നുണ്ടെങ്കിലും വംശനാശ ഭീഷണി നേരിടുന്ന ഇനമാണ് ചൂളൻ എരണ്ട. തണ്ണീർത്തടങ്ങളിലെയും കുളങ്ങളിലും വനത്തിലും ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണം ഇവയ്ക്ക് ഭീഷണിയാണ്. വയനാട്ടിൽ നടത്തിയ നീർപക്ഷി സെൻസസിൽ ചൂളൻ എരണ്ട ഉൾപ്പെടെ 46 ഇനങ്ങളെ കണ്ടെത്തിയിരുന്നു. തണ്ണീർത്തടങ്ങളോട് ചേർന്ന പുൽക്കാടുകളിലാണ് ഇവ മുട്ടയിടാറ്. കുഞ്ഞുങ്ങൾ വിരിഞ്ഞു കഴിഞ്ഞാൽ ജലാശയങ്ങളിലേക്ക് ഇറങ്ങും. നീർക്കോലി,തവള,ചെറു മത്സ്യങ്ങൾ എന്നിവയാണ് പ്രധാന ഭക്ഷണം. വാണിയമ്പലത്തെ ജലാശയത്തിൽ നീന്തി തുടിക്കുമ്പോൾ മനോഹരദൃശ്യം പകർത്തിയത് വന്യജീവി ഫോട്ടോഗ്രാഫർ കൂടിയായ ദാസൻ വാണിയമ്പലമാണ്. തണ്ണീർത്തടം നികത്തുന്നതും ചൂളൻ എരണ്ടയുടെ പ്രജനനത്തെ ബാധിക്കുന്നു. തണ്ണീർത്തടങ്ങളോട് ചേർന്നുള്ള പുൽക്കാടുകളിലാണ് ഇവ കൂടുകൂട്ടുന്നത്.തണ്ണീർത്തടങ്ങളിലെ മലിനീകരണം മൂലം ഇവ വംശനാശ ഭീഷണി നേരിടുന്ന സാഹചര്യമാണുള്ളത്.