കഞ്ചിക്കോട്: ജലസേചന സൗകര്യങ്ങളുടെ അഭാവം മൂലം കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. വാളയാർ ജലസേചന പദ്ധതി കനാലുകളുടെ നവീകരണ പ്രവൃത്തികളുടെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൃഷിയുടെ വിളവ് വർദ്ധിപ്പിക്കാൻ കൃഷി വകുപ്പുമായി സഹകരിച്ച് മൈക്രോ ഇറിഗേഷൻ പദ്ധതികൾ നടപ്പിലാക്കിവരികയാണ്. നെല്ലിനൊപ്പം ജാതി, ഗ്രാമ്പൂ, ഏലം, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയ കൃഷിക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള പദ്ധതികൾക്ക് ആവശ്യകതയേറിവരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
എലപ്പുള്ളി പഞ്ചായത്തിലെ ചന്തപേട്ടയിൽ നടന്ന പരിപാടിയിൽ എ.പ്രഭാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയിൽ വാളയാർ പുഴയുടെ 8.50 കിലോമീറ്ററിനുള്ളിലുള്ള നെട്ടു അയ്യർ, വടശ്ശേരി, കൗണ്ടൻ, നെല്ലിശ്ശേരി ഡാമുകളിൽ നിന്നുമുള്ള ജലസേചനവും, പുഴയുടെ 3.5 കിലോമീറ്ററിൽ നിന്നും തുടങ്ങുന്ന മെയിൻ കനാൽ 12.360 കിലോമീറ്റർ നീളത്തിലും മൂന്ന് ബ്രാഞ്ച് കനാലുകളും 15 ഡിസ്ട്രിബ്യൂട്ടറുകളും 87 ഫീൽഡ് ചാനലുകളും ഉൾപ്പെടുന്നു. 16 കോടി രൂപ അടങ്കൽ തുകയാണ് കനാൽ നവീകരണ പ്രവൃത്തികളുടെ പദ്ധതി പൂർത്തീകരണത്തിന് ചെലവായത്. ഈ തുക ഉപയോഗിച്ച് മെയിൻ കനാൽ മുഴുവനായും (12.36 കി.മീറ്ററും) കല്ലേപ്പുള്ളി ബ്രാഞ്ച് കനാലിന്റെ1.950 കി. മീറ്റർ നീളവും, മെയിൻ കനാലിന്റെയും സൂയിസുകളടേയും ഷട്ടറുകളും, നാല് പാലങ്ങളുടെ നിർമ്മാണവും നാല് പ്രവൃത്തികളായി പൂർത്തീകരിച്ചു. ഈ നാല് പ്രവൃത്തികളും 2023 മേയിൽ ആരംഭിച്ച് 2025 ജൂൺ 18ന് പൂർത്തിയായി. ചീഫ് എൻജിനീയർ സി.എസ്.സിനോഷ് പദ്ധതി വിശദീകരിച്ചു. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.രേവതി ബാബു, മരുതറോഡ് പഞ്ചായത്ത് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ, പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എൻ.പ്രസീത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി.പുണ്യകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ശരവണകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.രാജകുമാരി, എലപ്പുള്ളി കൃഷി ഓഫീസർ ബി.എസ്.വിനോദ് കുമാർ, ശിരുവാണി പ്രൊജക്ട് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ സി.വി.സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.