കഞ്ചിക്കോട്: ആനപ്പേടിയിൽ കർഷകർ കൃഷിഭൂമി തരിശിടുന്നു. കഞ്ചിക്കോട് മേഖലയിലാണ് നിരവധി കർഷകകർ കൃഷിയിറക്കുന്നതിൽ നിന്ന് പിന്മാറിയത്. നെൽകൃഷിക്ക് പുറമെ വാഴ, പച്ചക്കറി, ഇഞ്ചി, കപ്പ തുടങ്ങിയ കൃഷികളും ഒഴിവാക്കിയിട്ടുണ്ട്. സ്ഥിരമായി ആനകളിറങ്ങുന്ന സ്ഥലങ്ങളിലാണ് ഭൂരിപക്ഷം കർഷകരും കൃഷി ഭൂമി തരിശിട്ടിരിക്കുന്നത്. കോനാൻ പുതൂർ, ചുള്ളിമട, വാദ്ധ്യാർ ചള്ള പാടശേഖര സമിതികൾക്ക് കീഴിലുള്ള നൂറേക്കറോളം കൃഷിയിടങ്ങളിൽ ഇത്തവണ കൃഷിയിറക്കിയിട്ടില്ല. കഴിഞ്ഞ വർഷം നിരവധി തവണ ആനകളിറങ്ങിയതിനാൽ വലിയ കൃഷി നാശമാണ് ഈ മേഖലയിലുണ്ടായത്. നെൽകതിർ വന്ന പാടങ്ങൾ ആനകൾ ചവിട്ടിമെതിച്ചിരുന്നു. ആനകൾ ഓടിയത് മൂലം വാഴ, പച്ചക്കറി, കിഴങ്ങ് കൃഷികൾക്കും നാശം നേരിട്ടിരുന്നു. വനം വകുപ്പിൽ നിന്നോ കൃഷി വകുപ്പിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ഇതുവരെയായും ഒരു സാമ്പത്തിക സഹായവും കർഷകർക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വലിയൊരു വിഭാഗം കർഷകർ കൃഷിയിറക്കാതെ ഭൂമി തരിശിടാൻ തീരുമാനിച്ചത്. ഒരു വിഭാഗം കർഷകർ രണ്ടും കൽപ്പിച്ച് കൃഷിയിറക്കിയിട്ടുണ്ട്. വായ്പപയെടുത്തും മറ്റുമാണ് കൃഷിയിറക്കിയതെന്നും ഈ സീസണിലും ആന ആക്രമണം ഉണ്ടായാൽ കൃഷി ഭൂമി ജപ്തി ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നുമുള്ള ഭയപ്പാടിലാണിവർ. മാങ്ങയും ചക്കയും കണ്ടിട്ടാണ് ആ നകൾ വരുന്നതെന്ന് പറഞ്ഞ് കഴിഞ്ഞ സീസണിൽ മൂപ്പെത്തുന്നതിന് മുമ്പെ ഫലവർഗ്ഗങ്ങൾ വെട്ടിക്കളയാൻ വനം ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരുന്നു. ഇതു പ്രകാരം ഫലങ്ങൾ വെട്ടിക്കളഞ്ഞതിനാൽ കർഷകർക്ക് പ്ലാവ്, മാവ് കൃഷികളിൽ നിന്ന് ഒരാദായവും ലഭിച്ചിരുന്നില്ല. ഇത്തവണയും ഇത് ആവർത്തിക്കുമോ എന്ന ഭീതി നില നിൽക്കുന്നുണ്ട്. കർഷകർക്ക് കൃഷി ഇറക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കിത്തരണമെന്ന് കോനാൻപുതൂ ർ, വാദ്ധ്യാർചള്ള, ചുള്ളിമട പാടശേഖര സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.