പാലക്കാട്: ഓണക്കാലത്ത് അതിർത്തി കടന്നെത്തുന്ന മായംകലർന്ന ഭക്ഷണ സാധനങ്ങൾ പിടികൂടാൻ മീനാക്ഷിപുരം, വാളയാർ ചെക്ക്‌പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വാഹനപരിശോധന തുടങ്ങി. പച്ചക്കറി, പാൽ, വെളിച്ചെണ്ണ, കറിപ്പൊടികൾ, പലഹാരങ്ങൾ, കായവറവ്, ശർക്കരവരട്ടി, ഇൻസ്റ്റന്റ് പായസം പാക്കറ്റുകൾ എന്നിവ മൊബൈൽ ലാബുകളിലാണ് പരിശോധിക്കുന്നത്. മീനാക്ഷിപുരത്ത് പാലക്കാട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും വാളയാറിൽ മറ്റുള്ള ജില്ലകളിൽനിന്നുള്ള ഉദ്യോഗസ്ഥരുമാണ് പരിശോധനയിൽ പങ്കെടുക്കുന്നത്. ഓണം കഴിയുന്നതുവരെ 24 മണിക്കൂറും പരിശോധന ശക്തമാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം. തൃത്താല, പട്ടാമ്പി, മണ്ണാർക്കാട്, കോങ്ങാട്,ആലത്തൂർ, ഒറ്റപ്പാലം, ചിറ്റൂർ, പാലക്കാട് എന്നീ സർക്കിളുകളിലെ പ്രധാന മാർക്കറ്റുകൾ, ഹോട്ടലുകൾ, ബേക്കറികൾ എന്നിവ പരിശോധിക്കും. ചിറ്റൂർ, തൃത്താല സർക്കിളുകളിൽ സിവിൽ സപ്ലൈസ് വകുപ്പുമായിചേർന്ന് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന. സംശയാസ്പദമായി കണ്ടെത്തിയ 18 സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് അയച്ചു. ഒരു സ്ഥാപനത്തിന് പിഴയും നാല് സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസും നൽകി.