പാലക്കാട്: വ്യാജമദ്യവും ലഹരി മരുന്നും പിടികൂടാൻ എക്‌സൈസ് വകുപ്പ് നടത്തുന്ന ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ 170 അബ്കാരി കേസും 70 ലഹരി മരുന്നു കേസും രജിസ്റ്റർ ചെയ്തു. 203 പ്രതികളെ അറസ്റ്റ് ചെയ്തു. ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യം ഉണ്ടാക്കൽ, അനധികൃത മദ്യ വിൽപ്പന, വ്യാജവാറ്റ്, മയക്കമരുന്ന് കടത്ത് എന്നിവ തടയുന്നതിനായാണ് സെപ്തംബർ പത്ത് വരെ എക്‌സൈസ് കമ്മീഷണർ സ്‌പെഷ്യൽ ഡ്രൈവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് നാല് മുതലാണ് പ്രത്യേക പരിശോധന തുടങ്ങിയത്. അബ്കാരി കേസുകളിലായി 522.8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 81.8 ലിറ്റർ ചാരായം, 7118 ലിറ്റർ വാഷ്, 25.225 ലിറ്റർ അന്യ സംസ്ഥാന വിദേശ മദ്യം, 10 ലിറ്റർ കള്ള് എന്നിവയാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കേസുകളിൽ 28.858 കിലോ ഗ്രാം കഞ്ചാവ്, 164 കഞ്ചാവ് ചെടികൾ, 1183 ഗ്രാം ഹാഷിഷ് ഓയിൽ, 424.725 ഗ്രാം മെത്താഫിറ്റമിൻ, 11 നൈട്രോസെപാം ടാബ്ലെറ്റ് എന്നിവയും പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് 942 കേസ്സുകൾ കണ്ടെത്തുകയും 103.622 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. 1275 കള്ള് ഷാപ്പുകൾ 101 ബാറുകൾ പരിശോധന നടത്തിയതിൽ 285 കള്ള് സാമ്പിളുകളും 44 ഇന്ത്യൻ നിർമ്മിത വിദേശ മദ്യ സാമ്പിളുകളും ശേഖരിച്ചു. സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വിവിധ വകുപ്പുകളുമായി ചേർന്ന് അതിർത്തികളിലുൾപ്പെടെ പരിശോധന ശക്തമാണെന്ന് പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ അറിയിച്ചു. ചിറ്റൂർ മേഖലയിൽ പ്രത്യേകിച്ചും കള്ള് ചെത്ത് തോട്ടം മേഖല കേന്ദ്രീകരിച്ച് പരിശോധനക്കായി പ്രത്യേക സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വിവരങ്ങൾ പൊതു ജനങ്ങൾക്ക് ജില്ലാതല കൺട്രോൾ റൂമിലും താലൂക്ക്തല കൺട്രോൾ റൂമിലും ഫോൺ മുഖേന അറിയിക്കാം. ജില്ലാതല കൺട്രോൾ റൂം ടോൾ ഫ്രീ നമ്പർ: 155358, 04912505897.
താലൂക്ക് തല കൺട്രോൾ റൂം
ഒറ്റപ്പാലം: 04662244488, 9400069616
മണ്ണാർക്കാട്: 04924225644,9400069614
പാലക്കാട്: 04912539260,9400069430
ചിറ്റൂർ: 04623222272,9400069610
ആലത്തൂർ: 04922222474, 9400069612
എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് : 04912526277