പാലക്കാട്: സംസ്ഥാന ടൂറിസം വകുപ്പും പാലക്കാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം 'ശ്രാവണപ്പൊലിമ' ഇന്ന് മുതൽ 7വരെ നടക്കും. ഇന്ന് വൈകീട്ട് ആറിന് രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനാകും. ജില്ലയിൽ പാലക്കാട് രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയം, വെള്ളിയാങ്കല്ല് പൈതൃക പാർക്ക്, ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക്, പോത്തുണ്ടി ഉദ്യാനം എന്നീ നാല് വേദികളിലായാണ് ഓണാഘോഷം നടക്കുന്നത്.
നാലിന് വൈകീട്ട് 5.30ന് രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കലാമണ്ഡലം വിവേകും സംഘവും അവതരിപ്പിക്കുന്ന മിഴാവ് മേളത്തോടെ പരിപാടികൾക്ക് തുടക്കമാകും. ആറിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം നൃത്തപരിപാടികൾ. രാത്രി എട്ടിന് സ്വരലയ പാലക്കാടിന്റെ ഉത്രാടരാവ്. രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ അഞ്ചിന് വൈകീട്ട് അഞ്ചിന് പൊറാട്ടുകളിയും 5.30ന് തോൽപ്പാവക്കൂത്തും. തുടർന്ന് 'ആഫ്റ്റർ 6 മ്യൂസിക് ബാൻഡും' മിന്ത്യ ക്രിയേഷൻസിന്റെ മെഗാ ഷോയും ഉണ്ടാകും. ആറിന് വൈകീട്ട് അഞ്ചിന് കണ്യാർകളി, 5.30ന് പൊറാട്ടു നാടകം, ആറിന് രാഗ്വർഷ് ദി റിഥം ഓഫ് ആർട്ട്സ്, രാത്രി ഏവിന് കരോക്കെ ഗാനമേള, 7.30ന് മെഗാഷോ. സെപ്തംബർ ഏഴിന് വൈകീട്ട് 5ന് കണ്യാർകളി, 5.30 ന് കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ ഓട്ടൻതുള്ളൽ, ആറിന് നാട്ടുകൂട്ടം കുമ്മാട്ടി, രാത്രി എട്ടിന് മാങ്കോസ്റ്റീൻ ക്ലബ്ബ് ലൈവ്.
വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ആറിന് വൈകീട്ട് ആറിന് ഗാനമേളയും ഏഴിന് ഗാനസന്ധ്യയും നൃത്തസന്ധ്യയും.
ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്കിൽ ആറിന് വൈകീട്ട് 5.30ന് ചാക്യാർകൂത്ത്, വൈകീട്ട് 6.30ന് ഗാനമേള. ഏഴിന് വൈകീട്ട് 5.30 ന് വിശ്വനാഥ പുലവരും സംഘവും അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്ത്, വൈകീട്ട് 6.30ന് മെഗാ ഇവന്റ്.

പോത്തുണ്ടി ഉദ്യാനത്തിൽ ആറിന് വൈകീട്ട് നാലിന് കൈതോല നാടൻ പാട്ടുകൂട്ടത്തിന്റെ അല്ലിപ്പൂങ്കാവ്, വൈകീട്ട് ആറിന് സപ്തസ്വരം ഓർക്കസ്ട്രയുടെ മെലോഡീയസ് ഹിറ്റ്സ്. ഏഴിന് വൈകീട്ട് 4.30ന് ആവണിപ്പാട്ടുകൾ, വൈകീട്ട് ആറിന് പാട്ടുത്സവം.