പാലക്കാട്: ജില്ലയിലെ കൈത്തറി തൊഴിലാളികൾക്ക് ആശ്വാസമായി സംസ്ഥാന കൈത്തറി വകുപ്പ് 60 ലക്ഷം രൂപ വിതരണം ചെയ്തു. ഓണത്തോടനുബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രം വഴിയാണ് ധനസഹായം നൽകിയത്. മാർലാട്, എലപ്പുള്ളി, പഴമ്പാലക്കോട്, കൊല്ലങ്കോട്, ചിറ്റൂർ, പാലപ്പുറം, കൊല്ലങ്കോട് എസ്.സി. തുടങ്ങിയ കൈത്തറി സഹകരണ സംഘങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സ്‌കൂൾ യൂണിഫോം പദ്ധതിക്ക് 41.45 ലക്ഷം രൂപയും, പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതിക്ക് 20 ലക്ഷം രൂപയുമാണ് അനുവദിച്ചത്. കൈത്തറി മേഖലയിൽ മികച്ച മുന്നേറ്റം ലക്ഷ്യമിട്ട് ജില്ലാ വ്യവസായ കേന്ദ്രം യുവ വീവ് പദ്ധതിയും നടപ്പാക്കി വരുന്നു. 16 ലക്ഷം രൂപ ചെലവ് വരുന്ന ഈ പദ്ധതിയിലൂടെ യുവതീയുവാക്കൾക്ക് പരിശീലനവും കൈത്തറി ഉപകരണങ്ങളും നൽകുന്നു. ഇതിന്റെ ഭാഗമായി 2023-24 വർഷത്തിൽ അട്ടപ്പാടി ഗിരിവർഗ കൈത്തറി സഹകരണ സംഘത്തിൽ 20 യുവതിയുവാക്കൾക്ക് ഒന്നാം ഘട്ട പരിശീലനം പൂർത്തിയാക്കി 10 തറികൾ നൽകി. കൂടാതെ, മാർലാട് കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിൽ 20 യുവതികൾക്കായി ഈ വർഷം പരിശീലനം ആരംഭിച്ചിട്ടുണ്ട്. വടക്കേത്തറ കടമ്പിടി സംഘത്തിനും കൊല്ലങ്കോട് എസ്.സി. സംഘത്തിനും റിബേറ്റ് അനുവദിച്ചു. വിവിധ സംഘങ്ങളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിലൂടെ നെയ്ത്ത് തൊഴിലാളികൾക്ക് കണ്ണട അലവൻസും വിതരണം ചെയ്തു.