vividha
പല്ലശ്ശന തല്ല് മന്ദത്ത് വിവിധ സമുദായത്തിന്റെ ഓണത്തല്ല്.

കൊല്ലങ്കോട്: ഓണാഘോഷത്തിന്റെ ഭാഗമായി പല്ലശ്ശന ദേശക്കാരുടെ പ്രധാന ആഘോഷമായ ഓണത്തല്ല് ആഘോഷിച്ചു. രാജാക്കൻമാരുടെ ഭരണകാലത്ത് പല്ലശ്ശനയിലെ നാടുവാഴിയായ കുറൂർ നമ്പിടിയെ കുതിരവട്ടം നായർ ചതിയിൽ വെട്ടിക്കൊന്നപ്പോൾ കുതിരവട്ടം നായർക്കെതിരെ പല്ലശ്ശനക്കാർ ജാതി ഭേതമില്ലാതെ യുദ്ധം ചെയ്തതിന്റെ സ്മരണയാണ് ഓണത്തല്ല് എന്നാണ് ഐതീഹ്യം. തിരുവോണ ദിവസം തല്ലുമന്ദത്ത് വിവിധ സമുദായക്കാരുടെയും അവിട്ടം നാളിൽ നായർ സമുദായത്തിന്റേയും ഓണത്തല്ല് ആണ് ആഘോഷിച്ച് വരുന്നത്. തല്ലുമന്ദത്ത് ഏഴു കുടി സമുദായക്കാർ കുരിയിൽ നിന്നും ഒരു കുടി സമുദായക്കാർ ഭഗവതി ക്ഷേത്രത്തിൽ നിന്നും ആർപ്പുവിളികളോടെ യുദ്ധകാഹളം മുഴക്കി തല്ല് മന്ദത്ത് അണിനിരക്കുന്നു. ദേശ കാരണവർ വിളിച്ചു ചൊല്ലിയ ആചാരപ്രകാരം ഓണത്തല്ലിന് ചെറുപ്പക്കാരെ അണിനിരത്തി തല്ലുകൊള്ളുന്ന ആളുടെ ഇരു കൈകളും ഇരു ഭാഗത്തു നിന്നും കാരണവൻമാർ ഉയർത്തി പിടിക്കും. തല്ല് പുറകെ നിന്നാണ്. തല്ലുന്നയാൾ കൊള്ളുന്ന ആളുടെ മുതുകത്താണ് വലതു കൈ കൊണ്ട് വീശി തല്ലുന്നത്. തല്ല് കൊണ്ടയാൾ അടിച്ചയാൾക്ക് തിരിച്ചു കൊടുക്കും. ആർപ്പുവിളികളോടെയാണ് ചടങ്ങ് നടക്കുന്നത്. ഇവർ സമപ്രായക്കാരാകണം എന്ന നിബന്ധനയും ഉണ്ട്. ആചാരത്തിനായി ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ചടങ്ങിൽ പങ്കെടുക്കാറുണ്ട്. ഓണത്തല്ല് കാണുന്നതിനായി വിവിധ പ്രദേശങ്ങളിൽ നിന്നും കാണികൾ എത്താറുണ്ട്. ഓണത്തല്ലിന് ശേഷം ദേശക്കാർ ആചാരം ചൊല്ലി പിരിയുന്നു. അവിട്ടം നാളിൽ നായർ സമുദായത്തിന്റെ കിഴക്കു മുറിക്കാർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ കിഴക്ക് വശത്തു കൂടിയും പടിഞ്ഞാറേ മുറിക്കാൻ പടിഞ്ഞാറേ വശത്തുകൂടിയും ദേശ കാരണവൻമാരുടെ നേതൃത്വത്തിൽ ആർപ്പുവിളികളാടെ പോർവിളി നടത്തി ക്ഷേത്ര മുറ്റത്ത് അണി നിരക്കും. സമാന രീതിയിലുള്ള ഓണത്തല്ലിന് ശേഷം ക്ഷേത്രക്കുളത്തിൽ കുളിച്ച ശേഷം അണിനിരന്ന് ആചാരം ചൊല്ലി അടുത്ത വർഷം കാണാം എന്നു പറഞ്ഞ് പിരിയുന്നതോടെ ചടങ്ങ് അവസാനിക്കും.