maveli
യാക്കര മുറിക്കാവ് ജുമാഅത്ത് പള്ളി സംഘടിപ്പിച്ച നബിദിന റാലിയിലെത്തിയ മാവേലി.

പാലക്കാട്: തിരുവോണത്തിനൊപ്പം നബിദിനവും ഒരുമിച്ചുവന്നതോടെ ആഘോഷങ്ങൾക്ക് ഇത്തവണ പത്തരമാറ്റിന്റെ തിളക്കമായിരുന്നു. സംസ്ഥാനത്തിന്റെ പലയിടത്തും നബിദിനാഘോഷ റാലികളിൽ മാവേലിയുടെ സാന്നിദ്ധ്യമുണ്ടായത് മതമൈത്രിയുടെ പ്രതീകം കൂടിയായിരുന്നു. പാലക്കാട് നിന്ന് സ്‌നേഹമുള്ള ഒരു മതമൈത്രിയുടെ വേറിട്ട കാഴ്ചയായിരുന്നു ഇക്കുറി തിരുവോണനാളിൽ ഏറെ ശ്രദ്ധേയമായത്. യാക്കര മുറിക്കാവിൽ തിരുവോണവും നബിദിനാഘോഷവും പ്രദേശവാസികൾ ഒരുമിച്ച് ആഘോഷിച്ചപ്പോൾ അതൊരു സ്‌നേഹമുള്ള കാഴ്ചയായിരുന്നു. നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ കുട്ടികളുടെ റാലിയിൽ മാവേലിയെത്തിയപ്പോൾ ദഫ് മുട്ടിയാണ് കുട്ടികളും മുതിർന്നവരും മാവേലിയെ സ്വീകരിച്ചത്. സ്‌നേഹവും സൗഹാർദ്ദവും സാഹോദര്യവും സമാധാനവും എത്ര വലുതാണെന്നും അതിന് മനുഷ്യർക്കിടയിൽ മതിൽക്കെട്ടുകളില്ലെന്ന ഒരു നാടിന്റെ ശബ്ദം കൂടിയായിരുന്നു ആ കാഴ്ച. യാക്കര മുറിക്കാവ് ജുമാഅത്ത് പള്ളിയും കൃഷ്ണപിള്ള വായനശാലയും സംയുക്തമായാണ് നബിദിനും ഓണാഘോഷവും സംഘടിപ്പിച്ചത്.