bmbc
പാലക്കാട് ജില്ലയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്കുയർത്തിയ റോഡുകളിലൊന്ന്.

പാലക്കാട്: കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ പാലക്കാട് ജില്ലയിൽ 1131.007കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്തി. രാജ്യത്ത് നിലവിലുള്ള ഏറ്റവും ആധുനികമായ റോഡ് ടാറിംഗ് രീതിയാണ് ബി.എം. ആൻഡ് ബി.സി. പാലക്കാട് ജില്ലയിൽ 346 പദ്ധതികളിലായി 1660.854 കോടി രൂപയാണ് ഇത്രയും റോഡുകളുടെ നിർമ്മാണത്തിന് വിനിയോഗിച്ചത്. പൊതുമരാമത്ത് വകുപ്പിന് കീഴിൽ ജില്ലയിൽ 1852.042 കിലോമീറ്റർ ദൈർഘ്യമുള്ള 333 പ്രധാന പാതകളാണ് നിലവിലുള്ളത്. ജില്ലയുടെ പ്രധാന പ്രദേശങ്ങളെ കൂട്ടിയിണക്കുന്നത് മാത്രമല്ലാതെ, അന്തർജില്ല, അന്തർ-സംസ്ഥാനങ്ങളെ യോജിപ്പിക്കുന്ന പാതകളും ഉൾപ്പെടുന്നതാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ.

വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളെ ഉയർത്തിയും ആവശ്യമായ സ്ഥലങ്ങളിൽ കൾവേർട്ട് , സംരക്ഷണ ഭിത്തി, ഡ്രെയിൻ, ഐറിഷ് ഡ്രെയിൻ എന്നിവ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. വീതി കുറഞ്ഞ ഭാഗങ്ങൾ വീതി കൂട്ടിയും കൂടുതൽ സൗകര്യപ്രദമാക്കിയിട്ടുണ്ട്. മണ്ണ് ബലക്കുറവുള്ള സ്ഥലങ്ങളിൽ ജിയോ ഗ്രിഡ് വിരിച്ച് മണ്ണിന്റെ പ്രതലം ബലപ്പെടുത്തിയാണ് റോഡ് നവീകരിച്ചിട്ടുള്ളത്.

റോഡ് സുരക്ഷയുടെ ഭാഗമായി കാൽനടയാത്രക്കാർക്കുള്ള ക്രോസിംഗ്, റോഡ് മാർക്കിംഗ് സ്റ്റഡ്, അത്യാധുനിക രീതിയിലുള്ള റോഡ് ദിശാസ്ഥല നിർണയ ബോർഡുകൾ, ജാഗ്രത മുന്നറിയിപ്പ് ബോർഡുകൾ എന്നിവ സ്ഥാപിച്ച് പരിപൂർണ സുരക്ഷയും ഏർപ്പെടുത്തിയാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. തത്തമംഗലം-നാട്ടുകൽ സ്റ്റേറ്റ് ഹൈവേയും 25 അനുബന്ധ റോഡുകളും 24.50 കോടി രൂപ വിനിയോഗിച്ച് ഉയർന്ന നിലവാരത്തിലാക്കി. 9.61 കോടി രൂപ വിനിയോഗിച്ച് വടക്കഞ്ചേരി-പാടൂർ റോഡ്, അഞ്ച് കോടി രൂപയുടെ ആലത്തൂർ-കുന്നംകാട് കൊന്നയ്ക്കൽ, മൂന്ന് കോടിയുടെ കുനിശ്ശേരി ബൈപ്പാസ് റോഡ് തുടങ്ങി ജില്ലയിലെ പ്രധാന റോഡുകളെല്ലാം ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്തി.