പാലക്കാട്: പുതുപ്പരിയാരം പൂച്ചിറ സ്വദേശി അനൂപിന്റെ ഭാര്യ മീരയെ(32) ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവുമായി പിണങ്ങിയ മീര ചൊവ്വാഴ്ച മാട്ടുമന്ത ചോളോടുള്ള സ്വന്തം വീട്ടിലെത്തിയിരുന്നു. രാത്രി 11 മണിയോടെ അനൂപെത്തി തിരികെ കൊണ്ടുപോയിരുന്നു. പിന്നീട് മീരയുടെ മരണവിവരമാണ് അറിയുന്നതെന്നും ഇരുവരും തമ്മിലുള്ള വഴക്കാവാം മരണത്തിലേക്ക് നയിച്ചതെന്നും മീരയുടെ കുടുംബം ആരോപിച്ചു. ആദ്യവിവാഹം വേർപിരിഞ്ഞ ശേഷം ഒരുവർഷം മുമ്പാണ് അനൂപിനെ വിവാഹം ചെയ്തത്. വിവാഹ ശേഷം ഇരുവരും തമ്മിൽ നിരന്തരം പ്രശ്നമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മാട്ടുമന്ത വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിച്ചു. മകൾ: എയ്ഞ്ചൽ. അച്ഛൻ: സുന്ദരൻ. അമ്മ: സുശീല. സഹോദരി: താര. ഹേമാംബിക നഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.