പാലക്കാട്: നന്ദിയോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ(സി.എച്ച്.സി.) പുതിയ ഐ.പി./ഒ.പി. ബ്ലോക്കിന്റെ ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരണത്തിലേക്ക്. ചിറ്റൂർ എം.എൽ.എയും വൈദ്യുതി മന്ത്രിയുമായ കെ.കൃഷ്ണൻകുട്ടിയുടെ പ്രത്യേക ഇടപെടലിനെ തുടർന്നാണ് മൂന്ന് കോടി രൂപ അനുവദിച്ച് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നത്. 640 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ആദ്യനിലയാണ് പൂർത്തിയാക്കുന്നത്. അത്യാഹിത വിഭാഗം, ഫാർമസി, നഴ്സ് സ്റ്റേഷൻ, ചികിത്സാഇൻജക്ഷൻ റൂമുകൾ, കോൾഡ് ചെയിൻ റൂം, കൺസൾട്ടേഷൻ റൂമുകൾ, വിശാലമായ കാത്തിരിപ്പ് സ്ഥലങ്ങൾ, ശുചിമുറികൾ, സ്റ്റോർ റൂമുകൾ തുടങ്ങിയ സൗകര്യങ്ങളാണ് ആദ്യനിലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്നു മാസത്തിനകം നിർമാണം പൂർത്തിയാക്കി പുതിയ കെട്ടിടം പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.