plkkd

രാജ്യത്തെ മികച്ച ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളിൽ മുന്നിലാണ് കേരളത്തിന്റെ സ്ഥാനം. സംസ്ഥാനത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി സർക്കാർ നടപ്പാക്കിവരുന്ന പരിഷ്‌കരണങ്ങൾ അതിന്റെ ലക്ഷ്യത്തിലേക്ക് എത്തുന്നുവെന്നതിന്റെ തെളിവാണ് റാങ്കിംഗിലെ ഈ മുന്നേറ്റം. കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ കരുത്തായ കഞ്ചിക്കോട് വ്യവസായ സ്മാർട്ട് സിറ്റിയുടെ സാദ്ധ്യതകൾ ചർച്ചചെയ്യുന്ന 'കിഫ് സമ്മിറ്റ്' ദിവസങ്ങൾക്ക് മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. ഭാവിയിൽ കഞ്ചിക്കോട് മേഖലയിൽ വരേണ്ട വ്യവസായ വികസനത്തിനായുള്ള ചർച്ചകൾക്കാണ് വേദി സാക്ഷ്യംവഹിച്ചത്. വ്യവസായ വളർച്ചയ്ക്കുള്ള ആരോഗ്യകരമായ ആ ചർച്ചയിൽ ഏറെ പ്രതീക്ഷയർപ്പിക്കുകയാണ് പാലക്കാട് ജില്ല. പാലക്കാട് - കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം (കെ.ഐ.എഫ്) നേതൃത്വത്തിലുള്ള വ്യവസായ ഉച്ചകോടി കഞ്ചിക്കോടിന്റെ മുന്നേറ്റത്തിന് പുതിയ സാദ്ധ്യതകൾ തുറക്കുമ്പോഴും ദക്ഷിണേന്ത്യയുടെ വ്യവസായ കവാടമാകാൻ തയ്യാറെടുക്കുന്ന ഈ മേഖലയ്ക്ക് വെല്ലുവിളികൾ ഏറെയാണ്. അതെല്ലാം പരിഹരിക്കാൻ സർക്കാർ തയ്യാറാകണം.

കേരളത്തിന്റെ വ്യാവസായിക വികസനത്തിൽ നിർണായക സ്വാധീനമുള്ള മേഖലയാണ് കഞ്ചിക്കോട്. ഓൾഡ് ഇൻഡസ്ട്രിയൽ ഏരിയ, ന്യൂ ഇൻഡസ്ട്രിയൽ ഏരിയ, വൈസ് പാർക്ക്, കിൻഫ്ര, ടെക്സ്റ്റൈൽസ് പാർക്ക് തുടങ്ങിയ മേഖലകളിലായി 1500ഓളം ഏക്കർ ഭൂമി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായ മേഖലയാണ്. ഇവിടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്, ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്, ഫയിഡ് കൺട്രോൾ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പി.പി.എസ് സ്റ്റീൽ (കേരള) പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. എണ്ണത്തിൽ 700ഓളം സ്ഥാപനങ്ങൾ ഈ മേഖലയിലുണ്ട്. ഇതിൽ ചെറുകിട, ഇടത്തരം സംരംഭകരും വലിയ വ്യവസായ സ്ഥാപനങ്ങളുമുണ്ട്.

കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നികുതിയിനത്തിൽ നിത്യവും വലിയ തുക ഖജനാവിലേക്ക് നൽകുന്ന കഞ്ചിക്കോട് വ്യവസായ മേഖലയിൽ പശ്ചാത്തല സൗകര്യങ്ങളുടെ അഭാവം വലിയ തലവേദനയാണ്.

ചരക്ക് നിയന്ത്രണത്തിനും ഹബ്

കഞ്ചിക്കോട് വ്യവസായ സ്മാർട്ട് സിറ്റി യാഥാർത്ഥ്യമാകുമ്പോൾ മേഖലയിൽ അനിവാര്യമാവുന്ന സൗകര്യങ്ങളിലൊന്ന് മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കാണ്. നിലവിലുള്ള വ്യവസായങ്ങളുമായി ബന്ധപ്പെട്ട് എത്തുന്ന ചരക്കുവാഹനങ്ങൾ തന്നെ ദേശീയപാതയുടെ ഇരുവശങ്ങളിലുമായി നിറുത്തിയിടേണ്ട സ്ഥിതിയാണ്. ഇത് ദേശീയപാതയിൽ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്.

ചരക്കുനീക്കത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തിന്റെ പ്രധാന പ്രവേശന കവാടമാണ് വാളയാർ ഉൾപ്പെടുന്ന കഞ്ചിക്കോട് മേഖല. സേലം- കൊച്ചി ദേശീയപാത 544ലൂടെ വർഷംതോറും അതിർത്തി കടന്നെത്തുന്നത് രണ്ടുലക്ഷം കോടി രൂപയിലേറെ മൂല്യം വരുന്ന വ്യവസായിക ഉത്പന്നങ്ങളാണ്. ഇവയുടെ സംഭരണം, സുരക്ഷ, വിതരണം എന്നിവയ്ക്കനുയോജ്യമായ ലോജിസ്റ്റിക് സംവിധാനം വാളയാർ മേഖലയിൽ അനിവാര്യമാണ്. ലോജിസ്റ്റിക് നയത്തിന് മന്ത്രിസഭാ അംഗീകാരം ലഭിച്ചെങ്കിലും വലിയ നിക്ഷേപസാദ്ധ്യതയുള്ള ലോജിസ്റ്റിക് പാർക്ക് രംഗത്ത് സ്വകാര്യ സംരംഭകരെയടക്കം ആകർഷിക്കാനുള്ള നടപടികളുണ്ടാവണം.

മുടക്കമില്ലാതെ

വൈദ്യുതിയും വെള്ളവും

അടിസ്ഥാന സൗകര്യങ്ങളിൽ പ്രധാനമാണ് വ്യവസായ ആവശ്യത്തിനായുള്ള ഉയർന്ന വോൾട്ടേജ് വൈദ്യുതിയുടെ തടസമില്ലാത്ത വിതരണവും യഥേഷ്ടമായ ശുദ്ധജല ലഭ്യതയും. കഞ്ചിക്കോട് സ്മാർട്ട് സിറ്റിയുടെ ഭൂപ്രകൃതിക്കിണങ്ങും വിധം ഇവ രണ്ടും ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനുള്ള സബ്‌സ്റ്റേഷൻ സംവിധാനം മേഖലയിൽ ഒരുങ്ങുന്നുണ്ടെന്ന് അധികൃതർ പറയുന്നു. നിലവിലുള്ള വ്യവസായങ്ങൾക്കും പുതുതായി എത്തുന്നവയ്ക്കും കൂടി ഉപയോഗ യോഗ്യമാവുന്ന തരത്തിലുള്ള സമഗ്ര വൈദ്യുത സംവിധാനമാണ് മേഖലയിൽ സംരംഭകർ പ്രതീക്ഷിക്കുന്നത്.

സമീപത്തെ ജലസ്രോതസുകളെ ഉപയോഗപ്പെടുത്തി വ്യവസായ ആവശ്യത്തിനുള്ള ജലവിതരണ സംവിധാനങ്ങളും സ്മാർട്ട് സിറ്റിക്ക് അനിവാര്യമാണ്.

മുടക്കില്ലാത്ത വൈദ്യുതിയാണ് കഞ്ചിക്കോട്ടെ വ്യവസായ സംരംഭകരുടെ കാലങ്ങളായുള്ള ആവശ്യം. പവർക്കട്ടില്ലാതെ ഒരു ദിവസംപോലും കടന്നുപോകാറില്ലെന്ന് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഭാരവാഹികൾ പറയുന്നു. 2015- 16 കാലഘട്ടത്തിൽ മികച്ച ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ 15ാം സ്ഥാനത്തുണ്ടായിരുന്ന തെലങ്കാന ഇപ്പോൾ ആദ്യ അഞ്ചിലാണ്. പോസ്റ്റ് മോഡേൺ സാങ്കേതികവിദ്യയിലേക്ക് മാറിയതാണ് അതിനുള്ള കാരണം. ഭൂമിക്കടിയിലൂടെ കേബിളുകൾ വലിച്ചാണ് വൈദ്യുതി എത്തിക്കുന്നത്. കൂടാതെ ഫാൾസ് ഡിറ്റെക്ഷൻ സിസ്റ്റവും അവരുടെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. കേരളത്തിലും ഈ രീതിയിലുള്ള മാറ്റം അനിവാര്യമാണ്. പുതിയ കാര്യങ്ങൾ പഠിക്കുകയും പ്രായോഗിക തലത്തിൽ ഉപയോഗിക്കാനും ജനങ്ങളും ഭരണകൂടവും തയ്യാറാകണം.

കഞ്ചിക്കോട് മേഖലയിലെ വൈദ്യുതി വിതരണ ശൃംഖല 35 വർഷത്തോളം പഴക്കമുള്ളതാണ്. അന്ന് 500ഓളം സ്ഥാപനങ്ങളുടെ ആവശ്യത്തിനായി മാത്രം രൂപീകരിച്ച ശൃംഖലയിലൂടെ 700ഓളം കമ്പനികൾക്ക് വൈദ്യുതി എത്തിക്കുക എന്നത് ബുദ്ധിമുട്ടാണ്.

ആരോഗ്യ, സുരക്ഷാ

സംവിധാനങ്ങൾ

ടൗൺഷിപ്പായി രൂപപ്പെടുന്ന മേഖലയ്ക്കാവശ്യമായ തോതിൽ ആശുപത്രികൾ, ക്ലിനിക്കുകൾ, വ്യവസായ സുരക്ഷാ സംവിധാനങ്ങൾ എന്നിവയും അനിവാര്യമാണ്. വ്യവസായ സ്മാർട്ട് സിറ്റി പദ്ധതി വിഭാവനംചെയ്യുന്ന പശ്ചാത്തല സൗകര്യവികസന രൂപരേഖ കഞ്ചിക്കോടിന്റെ ആരോഗ്യ സുരക്ഷാ സാംസ്‌കാരിക മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിനു വഴിതുറക്കുമെന്ന് വ്യവസായവകുപ്പ് അധികൃതർ പറയുന്നു.

മുമ്പ് ആലോചനകളേറെ

തുറമുഖങ്ങൾ റെയിൽ, എയർപോർട്ടുകൾ എന്നിവയിൽ നിന്ന് ലോറികളിലും കണ്ടെയ്നറുകളിലുമായി ഫാക്ടറികളിൽ നിന്നെത്തുന്ന ഉത്പന്നങ്ങൾ വിപണികളിലെത്തും മുമ്പുള്ള ഇടത്താവളങ്ങളാണ് ലോജിസ്റ്റിക് സംവിധാനം. പാലക്കാട് ടൗണിനോടുചേർന്ന് ദേശീയപാതയോരത്തെ ചന്ദ്രനഗർ ഭാഗത്ത് ലോജിസ്റ്റിക് പാർക്കിന് വ്യവസായ വകുപ്പുതലത്തിൽ മുമ്പ് ആലോചനകളുണ്ടായിരുന്നെങ്കിലും സ്ഥലലഭ്യത അടക്കമുള്ള പ്രശ്നങ്ങളിൽ കുരുങ്ങി. സർക്കാർ സ്വകാര്യ സംയുക്ത സംരംഭമെന്ന നിലയിലെങ്കിലും ലോജിസ്റ്റിക് പാർക്ക് അനിവാര്യമാണ്. വലിയ പാർക്കിന് 10 ഏക്കറും മിനിപാർക്കിന് അഞ്ച് ഏക്കറുമാണ് വേണ്ടത്. ദേശീയപാതയോരത്തെ പുതുശ്ശേരി, മലമ്പുഴ, മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ തരിശ് പ്രദേശങ്ങളുൾപ്പെടെയുള്ള സ്ഥലങ്ങൾ പാർക്കിനായി ഉപയോഗപ്പെടുത്താനാവും.