പാലക്കാട്: ഒന്നാംവിള കൊയ്ത്താരംഭിച്ചിട്ടും സംസ്ഥാനത്ത് നെല്ല് സംഭരണ വില പ്രഖ്യാപനം വൈകുന്നതിൽ ആശങ്കയോടെ കർഷകർ. ഇത്തവണയെങ്കിലും കേരളം സംഭരണ വില വർദ്ധിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 28.20 രൂപയ്ക്കാണ് സപ്ലൈകോ നെല്ലെടുത്തത്. ഇതിൽ 23 രൂപ കേന്ദ്ര വിഹിതമായിരുന്നു. 5.20 രൂപയാണു സംസ്ഥാന വിഹിതം. ഇതിനു പുറമേ ക്വിന്റലിനു 12 രൂപ കൈകാര്യച്ചെലവായും നൽകുന്നുണ്ട്. കേന്ദ്രവർദ്ധന അതേപടി നൽകിയാൽ 28.89 രൂപയാകും. വെട്ടിയാൽ 28.20 രൂപയും.
കഴിഞ്ഞ മേയിൽ കേന്ദ്രം നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 69 പൈസ വർദ്ധിപ്പിച്ച് 23.69 രൂപയാക്കിയിരുന്നു. പുതുക്കിയ കേന്ദ്ര താങ്ങുവില ഈ സീസൺ മുതൽ പ്രാബല്യത്തിലാകും. മുൻവർഷങ്ങളിൽ കേന്ദ്രം താങ്ങുവില വർദ്ധിപ്പിക്കുമ്പോൾ സംസ്ഥാനം അതിനനുസരിച്ചുള്ള തുക സ്വന്തം വിഹിതത്തിൽ നിന്നു വെട്ടിക്കുറയ്ക്കുകയാണു ചെയ്യുന്നത്. ഇതേത്തുടർന്നു കേന്ദ്ര താങ്ങുവില വർദ്ധനയുടെ ഗുണം കൃഷിക്കാർക്കു കിട്ടുന്നില്ല. രാജ്യത്ത് ഉയർന്ന നിരക്കിൽ നെല്ലെടുക്കുന്നതു കേരളത്തിലാണെന്നാണ് സംസ്ഥാന സർക്കാരിന്റെ ന്യായീകരണം. കേന്ദ്ര താങ്ങുവില വർധന കേരളം അതേപടി കൃഷിക്കാർക്കു ലഭ്യമാക്കിയാൽ സംസ്ഥാനത്തു നെല്ലുവില 28.89 രൂപയാകും. കേന്ദ്രവർധനയ്ക്കനുസരിച്ച് കേരളം സ്വന്തം വിഹിതം കൂടി വർദ്ധിപ്പിച്ചാൽ ഇതിലും ഉയർന്ന തുക കൃഷിക്കാർക്കു ലഭിക്കും. അതല്ല കേന്ദ്ര വിഹിതത്തിന് അനുസരിച്ചു സംസ്ഥാനം സ്വന്തം പ്രോത്സാഹന വിഹിതം വെട്ടിക്കുറച്ചാൽ കർഷകർക്കു ലഭിക്കുക 28.20 രൂപയാകും. അതേസമയം സംസ്ഥാന വിഹിതം കിലോയ്ക്ക് 5.20 രൂപയിൽ നിന്നു 4.51 രൂപയായി കുറയും.