
ചിറ്റൂർ: കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. മധുര, ആണ്ടാൾപുരം, അഗ്രിനി നഗർ സ്വദേശി ശെൽവരാജിന്റെ മകൻ പ്രവീൺകുമാർ (41) ആണ് മരിച്ചത്. ചിറ്റൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ ഗുരുവായൂർ അമ്പലത്തിൽ നിന്നും തൊഴുതു മടങ്ങുകയായിരുന്ന മധുര സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഞായറാഴ്ച്ച രാവിലെ 6:30ന് പാലക്കാട് പൊള്ളാച്ചി അന്തർ സംസ്ഥാനപാതയിലെ കൊഴിഞ്ഞാമ്പാറയിലാണ് അപകടം. ഉടൻ തന്നെ നാട്ടുകാർ നാട്ടുകൽ സ്വകാര്യ ആശുപത്രിയിലും പാലക്കാട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പ്രവീൺ കുമാർ മരിച്ചു. കൂടെ യാത്ര ചെയ്ത ചെല്ലവേലു (33) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വർഷങ്ങളായി പിറന്നാൾ ദിനത്തിൽ ഗുരുവായൂർ അമ്പലത്തിൽ ദർശനം നടത്തി വരുന്ന ആളാണ് പ്രവീൺകുമാർ. ഞായറാഴ്ച പുലർച്ചെ പിറന്നാൾ ദിനത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് അപകടം. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഡോ.പ്രവീൺ കുമാർ മധുരൈ കാമരാജ് യൂണവേഴ്സിറ്റിയിൽ ടൂറിസം ഹോട്ടൽ മാനേജ്‌മെന്റ് വിഭാഗം എച്ച്.ഒ.ഡിയാണ്. അമ്മ: രാജേശ്വരി. ഭാര്യ: മധുമിത. മകൾ: സ്വാതികാശ്രീ.