ആലത്തൂർ: കാലാവസ്ഥ നിരീക്ഷണ ഉപകരണം പണിമുടക്കിയതിനാൽ കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതി മുടങ്ങി. കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷിവകുപ്പും പൊതുമേഖലയിലുള്ള അഗ്രികൾച്ചറൽ ഇൻഷ്വറൻസ് കമ്പനി മുഖാന്തരം കർഷകർക്ക് നടപ്പാക്കുന്ന കാലാവാസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതി ആനുകൂല്യമാണ് കാലാവസ്ഥ നിരീക്ഷണ ഉപകരണം പ്രവർത്തനരഹിതമായതിനെ തുടർന്ന് ലഭിക്കാതായത്. കൃഷിചെയ്യുന്ന പ്രദേശത്തെ കാലാവസ്ഥ വ്യതിയാനം അടിസ്ഥാനമാക്കിയുള്ള മഴക്കുറവ്, ഉണക്ക്, അധിവൃഷ്ടി, സീസൺ തെറ്റിയുള്ള മഴ, കൂടിയ താപനില, രോഗ സാധ്യതയുള്ള കാലാവസ്ഥ തുടങ്ങിയ വിവരങ്ങൾ വിജ്ഞാപനം ചെയ്തിട്ടുള്ള കാലാവസ്ഥ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിച്ച് പ്രകൃതിക്ഷോഭ തോത് നിർണയിച്ച് നഷ്ടപരിഹാര തുക കർഷകർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭിക്കുന്ന രീതിയിലാണ് പദ്ധതി. തിരുവനന്തനപുരത്ത് പ്രവർത്തിക്കുന്ന അഗ്രികൾച്ചറൽ ഇൻഷ്വറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് വിവരണ ശേഖരണം നടത്തുന്നത്. ഇതിനായി ഓരോ വിജ്ഞാപിത പ്രദേശത്തിനും നിശ്ചിത സൂചന കാലാവസ്ഥ നിലയം സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. കുത്തനൂരിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ ഉപകരണം പൊട്ടി പൊളിഞ്ഞ് സാറ്റലൈറ്റുമായിട്ടുള്ള ബന്ധങ്ങൾ വിഛേദിക്കപ്പെട്ട നിലയിലായിട്ട് മൂന്ന് വർഷത്തിൽ കൂടുതലായി. കുഴൽമന്ദം ബ്ലോക്കും പരിസര പ്രദേശങ്ങളുമാണ് കുത്തനൂരിൽ സ്ഥാപിച്ചിട്ടുള്ള യന്ത്രത്തിന്റെ പരിധിയിൽ വരുന്നത്. 2022 മുതൽ ഇതിന്റെ പരിധിയിൽ വരുന്ന കർഷകർക്ക് ഇൻഷ്വറൻസ് തുക ലഭിച്ചിട്ടില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യന്ത്രം പ്രവർത്തനക്ഷമമാക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഉദ്യോഗസ്ഥന്മാരുടെ കൃത്യവിലോപം മൂലമാണ് കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ വിള ഇൻഷ്വറൻസ് തുക നഷ്ടപ്പെടുന്നത്. കൃത്യവിലോപം നടത്തിയ കുറ്റക്കാരായ ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തിൽനിന്ന് ഈ തുക ഈടാക്കി നൽകണമെന്നാണ് കർഷകരുടെ ആവശ്യം.